കണ്ണൂർ തളിപ്പറമ്പിലെ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരി ലാബിലെ പിസിആർ പരിശോധനാഫലം പുറത്തുവന്നതോടെയാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർ അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് പരിയാരത്ത് നിന്നും കുട്ടിയെ കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്. പരിയാരത്ത് നടന്ന പരിശോധനയിലും കുട്ടിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിരുന്നു.
കോഴിക്കോട് പയ്യോളി സ്വദേശിയായ പതിനാലുകാരന്‍, കഴിഞ്ഞ ദിവസം രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയിരുന്നു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച ശേഷം ഇന്ത്യയിലാദ്യമായി രോഗമുക്തി നേടിയ കേസായിരുന്നു ഇത്.
മൂന്നാഴ്ച്ച നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് കുട്ടി രോഗമുക്തനായത്. 97% മരണനിരക്കുള്ള രോഗം ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്താനായതും, ചികിത്സ നല്‍കിയതുമാണ് ഗുണകരമായത്.