NEWSROOM

ക്യാൻസറിന് വാക്സിനോ? റഷ്യയുടെ അവകാശവാദത്തെ തള്ളി ശാസ്ത്രലോകം...

ശാസ്ത്ര മാസികകളിൽ ലേഖനം പ്രസിദ്ധപ്പെടുത്താതെയുള്ള അവകാശവാദത്തെ ശാസ്ത്രലോകം തള്ളിക്കളഞ്ഞു

Author : ന്യൂസ് ഡെസ്ക്

ക്യാൻസറിനെ ചെറുക്കാൻ റഷ്യ വാക്സിൻ വികസിപ്പിച്ചുവെന്ന അവകാശവാദത്തെ തള്ളുകയാണ് ശാസ്ത്രലോകം. തെളിവില്ലാതെ നടത്തിയ വാചക കസർത്തായാണ് ഈ അവകാശവാദത്തെ ശാസ്ത്രജ്ഞർ നോക്കിക്കാണുന്നത്. ശാസ്ത്ര മാസികകളിൽ ലേഖനം പ്രസിദ്ധപ്പെടുത്താതെയുള്ള അവകാശവാദത്തെ ശാസ്ത്രലോകം തള്ളിക്കളഞ്ഞു.

കോടിക്കണക്കിന് ക്യാൻസർ രോഗമുള്ള നമ്മുടെ ലോകത്ത് ക്യാൻസറിന് വാക്സിനെന്നാണ് റഷ്യയുടെ അവകാശവാദം. ആര്, എപ്പോൾ, ആരിൽ, എങ്ങനെ, എത്ര പേരിൽ എന്നു തുടങ്ങി ക്ലിനിക്കൽ പരീക്ഷണങ്ങളിലെ വിജയശതമാനം തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും റഷ്യ ഇനിയും മറുപടി നൽകുന്നില്ല. കൊവിഡ് സമയത്ത് പരമ്പരാഗത വാദികൾ ഉയർത്തിവിട്ട വെറും പ്രസ്താവനകൾക്ക് സമാനമായ രീതിയിലാണ് ക്യാൻസറിന് വാക്സിൻ കണ്ടുപിടിച്ചെന്ന റഷ്യയുടെ ഇപ്പോഴത്തെ അവകാശവാദം.

റഷ്യൻ ആരോഗ്യമന്ത്രാലയത്തിന് കീഴിലെ വകുപ്പ് മേധാവിയെ ഉദ്ധരിച്ച് ടാസ് വാർത്ത പുറത്തുവിട്ട വാർത്തയുടെ ശാസ്ത്രീയത പരിശോധിക്കാതെയാണ് മാധ്യമങ്ങൾ ആഘോഷിച്ചതെന്നും ശാസ്ത്രലോകം പറയുന്നു. നിലവിലുള്ള വൈറസുകളാൽ ഉണ്ടാകുന്ന ക്യാൻസറുകളിൽ ചിലതിന് മാത്രമാണ് വാക്സിനുള്ളത്. ഇതിനൊരു ഉദാഹരണമാണ് ഹ്യൂമൺ പാപിലോമ വൈറസ് കാരണമുണ്ടാകുന്ന ക്യാൻസർ.

ക്യാൻസർ പിടിപെടുമ്പോൾ എന്തു സംഭവിക്കുന്നു ?

ക്യാൻസർ സംഭവിക്കുന്ന അവയവത്തിൽ പ്രോട്ടീനുകൾക്കാണ് മാറ്റം സംഭവിക്കുന്നത്. ഓരോ വ്യക്തികളിലും ഓരോ ക്യാൻസറുകൾക്കും വ്യത്യസ്ത പ്രോട്ടീനുകളെ വ്യത്യസ്ത രീതിയിലായിരിക്കും ബാധിക്കുക. ശ്വാസകോശാർബുദത്തിനു കാരണമാകുന്നത് എല്ലാവർക്കും ഒരേ പ്രോട്ടീനിൻെറ മാറ്റത്താലല്ല. അല്ലെങ്കിൽ ഒരേ പ്രോട്ടീനിൻെറ വ്യത്യസ്ത മാറ്റങ്ങളാലായിരിക്കും. രണ്ട് പേരിലും ഒരേ ക്യാൻസർ ആണെങ്കിൽ കൂടി ചിലപ്പോൾ വ്യത്യസ്ത പ്രോട്ടീനുകളിലാകാം മാറ്റം സംഭവിക്കുന്നത്.

എംആർഎൻഎ തന്മാത്രകൾ

ഡിഎൻഎ പ്രോട്ടീൻ നിർമിതിക്ക് ഉപയോഗിക്കുന്ന കോഡുകളാണ് എംആർഎൻഎ തന്മാത്രകൾ. ഓരോ പ്രോട്ടീനും ഓരോ എംആർഎൻഎ തന്മാത്രകളാണുള്ളത്. ഈ കോഡ് നിർവചിച്ചാണ് ഓരോ പ്രോട്ടീനും നിർമിച്ചെടുക്കുന്നത്. ഇവയെ മറ്റ് കോശങ്ങളിൽ കയറ്റിവിട്ടാൽ അവ ആ പ്രത്യേക പ്രോട്ടീനെ നിർമിച്ചു കൊള്ളും. ആ കോശം പ്രകൃത്യാ ഈ പ്രോട്ടീൻ ഉണ്ടാക്കാറില്ലെങ്കിൽക്കൂടി. ഈ എംആർഎൻഎയുടെ ഒരു ഭാഗം മാത്രമാണെങ്കിലും ആ ഭാഗം പ്രോട്ടീൻ നിർമിക്കും. ഇത് ഒരു അന്യ പ്രോട്ടീൻ ആണെന്ന് തിരിച്ചറിഞ്ഞ് നമ്മുടെ പ്രതിരോധകോശങ്ങൾ ഇവയെയോ ഇവപേറുന്ന വൈറസുകളെയോ ക്യാൻസർ കോശങ്ങളെയോ വകവരുത്തും.


ട്യൂമർ ആൻ്റിജൻസ്

ക്യാൻസർ കോശങ്ങളിൽ മാത്രം കാണുന്ന പ്രോട്ടീനുകൾ ട്യൂമർ ആൻ്റിജൻസ് എന്നറിയപ്പെടുന്നു. ഇത് നിർമിക്കാനുള്ള എംആർഎൻഎ കൊഴുപ്പ് കുമിളകളിൽ പൊതിഞ്ഞ് വാക്സിൻ നിർമിക്കാം. ഇവ നമ്മുടെ കോശങ്ങളിൽ പ്രവേശിക്കുമ്പോൾ ആ പ്രോട്ടീൻ നിർമ്മിക്കപ്പെടുന്നു. അന്യ പ്രോട്ടീൻ ആയതുകൊണ്ട് പ്രതിരോധ കോശങ്ങൾ ആ പ്രോട്ടീനുകളെ ചെറുക്കാൻ ആൻ്റിബോഡികൾ നിർമിച്ച് തുടങ്ങുന്നു. പിന്നീട് ക്യാൻസർ പിടിപെട്ടാൽ ആ കോശങ്ങളിൽ ഈ പ്രോട്ടീൻ കാണപ്പെടും. ഇവിടെ വെല്ലുവിളിയാകുന്നത് ഓരോ തരം ക്യാൻസറിനും ട്യൂമർ ആൻ്റിജൻ വ്യത്യസ്തമായതിനാൽ പ്രത്യേകം പ്രത്യേകം എംആർഎൻഎ അടങ്ങിയ കുമിളകൾ നിർമിക്കേണ്ടിയിരിക്കുന്നു എന്നതാണ്. ആദ്യം മൃഗങ്ങളിലും, പിന്നീട് ക്ലിനിക്കൽ പരീക്ഷണങ്ങളിലും നടത്തി പാർശ്വഫലങ്ങൾ ഉൾപ്പടെ വിലയിരുത്തേണ്ടതായുണ്ട്.

യുഎസിൽ ക്ലിനിക്കൽ ട്രയൽസ് പുരോഗമിക്കുന്നു (GFX)

അമേരിക്കയിൽ ഈ പരീക്ഷണം ആരംഭിക്കുന്നത് ഈ വർഷം സെപ്റ്റംബറിലാണ്. ഇപ്പോൾ മൊഡേർനയും മെർക്ക് കമ്പനിയും ഒരുമിച്ചും, ബയോൺ റ്റെക് (BioNTech), ക്യുർവാക് ( CureVac) എന്നീ കമ്പനികൾക്കും എഫ്ഡിഎ അനുമതി കിട്ടിയ സാഹചര്യത്തിൽ ക്ലിനിക്കൽ ട്രയൽസ് തുടങ്ങിക്കഴിഞ്ഞു. എംആർഎൻഎ വാക്സിൻ നിർമിതിക്ക് ക്ലിനിക്കൽ ട്രയൽസ് തുടങ്ങിയെങ്കിലും 2028ലോ 2029ലോ മാത്രമേ പൊതുജനത്തിന് ലഭ്യമാകൂവെന്നാണ് അനുമാനം. ചില വാക്സിനുകൾ ഫലപ്രദമായെന്നും കണ്ടെത്തിയിട്ടുണ്ട്. പലതരം ക്യാൻസറുകൾക്ക് കാരണമായ എപ്സ്റ്റീൻ ബാർ വൈറസിനെതിരെ എംആർഎൻഎ വാക്സിൻ നിർമാണവും ത്വരിതഗതിയിലായിട്ടുണ്ട്. ഇത്രയും സങ്കീർണമായ ഈ നടപടിക്രമങ്ങളെ ഒന്നും മുന്നോട്ട് വെക്കാതെയുള്ള വെറും അഭിപ്രായപ്രകടനങ്ങൾ എങ്ങനെയാണ് സത്യമെന്ന് വിശ്വസിക്കാനാകുകയെന്ന ചോദ്യമാണ് ശാസ്ത്ര ലോകം ഉയര്‍ത്തുന്നത്.

SCROLL FOR NEXT