NEWSROOM

വയനാട് പുന്നപ്പുഴയിലെ പ്രതീക്ഷയുടെ കാഴ്‌ച; മലവെള്ളപ്പാച്ചിലിൽ പെട്ട പശുവിനെ അതിസാഹസികമായി രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്

സൈന്യം താൽക്കാലികമായി നിർമിച്ച ഇരുമ്പ് നടപ്പാലത്തിൽ കാലുടക്കി പശു പുഴയുടെ നടുവിൽ കുടുങ്ങുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

വയനാട് പുന്നപ്പുഴയിലെ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട പശുവിനെ കഴിഞ്ഞ ദിവസം ഫയർഫോഴ്‌സ് രക്ഷിച്ചത് അതിസാഹസികമായി. സൈന്യം താൽക്കാലികമായി നിർമിച്ച ഇരുമ്പ് നടപ്പാലത്തിൽ കുടുങ്ങിയ പശുവിനെ അരമണിക്കൂറോളം പണിപ്പെട്ടാണ് ഫയർഫോഴ്‌സ് സംഘം രക്ഷപ്പെടുത്തിയത്.

കലിതുള്ളി ഒഴുകുന്ന പുന്നപ്പുഴയിലെ ഒഴുക്ക് മലവെള്ളപ്പാച്ചിലിന് സമാനമായിരുന്നു. ചൂരൽമലയിലെയും മുണ്ടക്കൈയിലെയും തെരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു. ബെയ്‌ലി പാലത്തിലൂടെയുള്ള യാത്രയും വിലക്കി. അപ്രതീക്ഷിതമായാണ് കലങ്ങി മറിഞ്ഞൊഴുകുന്ന പുന്നപ്പുഴയിലൂടെ രക്ഷാകരങ്ങൾക്കായി കേണുകൊണ്ട് ഒഴുകിവരുന്ന പശുവിനെ കണ്ടെത്തിയത്. സൈന്യം താൽക്കാലികമായി നിർമിച്ച ഇരുമ്പ് നടപ്പാലത്തിൽ കാലുടക്കി പശു പുഴയുടെ നടുവിൽ കുടുങ്ങുകയായിരുന്നു.

പുഴയിലെ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായിരുന്നതിനാൽ പുഴയിൽ ഇറങ്ങിയുള്ള രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു. ശരീരത്തിന് ചുറ്റും കയർ കെട്ടി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പുഴക്ക് നടുവിലേക്കെത്തി. പശുവിന്റെ കാൽ വലിച്ചൂരിയെടുക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടുവെങ്കിലും, സ്പ്ളിറ്റർ കൊണ്ടുവന്ന് പാലത്തിലെ ഇരുമ്പ് വിടർത്തി പശുവിന്റെ കാൽ ഊരിയെടുത്തു.

അപ്പോഴും മഴ കനത്ത് പെയ്യുകയാണ്... ഒരു ജീവൻ വീണ്ടെടുക്കാനായത്തിന്റെ സന്തോഷപ്പുഞ്ചിരി രക്ഷപ്രവർത്തകരുടെ മുഖത്ത്.. നഷ്ടങ്ങളുടെ കാഴ്ചകൾ മാത്രം പ്രതീക്ഷിച്ച ദുരന്തഭൂമിയിൽ നിന്നും അതിജീവനത്തിന്റെ പ്രതീക്ഷ നൽകുന്ന ഒരു കാഴ്ച...

SCROLL FOR NEXT