കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് ഇന്നേക്ക് ഒരാഴ്‌ച. 366 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്. ഇരുന്നൂറിലധികം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. ഇന്ന് ചാലിയാർ പുഴ കേന്ദ്രീകരിച്ച് ഇരുട്ടുകുത്തി മുതൽ ചാത്തമുണ്ട വരെയുള്ള മേഖലകളിൽ പരിശോധന തുടരും.
വയനാട് ദുരന്തത്തിൽ കൂടുതൽ തെരച്ചിലിനായി 20 ഹോട്ട് സ്പോട്ടുകൾ സജ്ജീകരിച്ചു. പാലത്തിനിടയിൽ മൃതദേഹ സാന്നിധ്യമുണ്ടെന്നാണ് വിലയിരുത്തൽ. മണ്ണിനടിയിൽ മനുഷ്യസാന്നിധ്യം കണ്ടെത്താനുള്ള ഐബോഡ് ഡ്രോൺ പരിശോധന ഇന്നും തുടരും. ഇന്ന് വിശദമായ പരിശോധനയെന്ന് മേജർ ജനറൽ ഇന്ദ്രബാലൻ അറിയിച്ചു.
അതേസമയം, ചൂരൽമലയ്ക്ക് മുകളിലേക്ക് തെരച്ചിലിനായി പോകുന്നവരുടെ എണ്ണത്തിൽ ഇന്ന് നിയന്ത്രണം ഏർപ്പെടുത്തും. എണ്ണം കൂടുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് നടപടി. പരമാവധി സന്നദ്ധ പ്രവർത്തകരെ ഇറക്കിയുള്ളതായിരുന്നു ഇന്നലത്തെ തെരച്ചില്ലെങ്കിൽ ഇന്ന് മുതൽ വനമേഖലയിലേക്ക് സന്നദ്ധ പ്രവർത്തകരെ പ്രവേശിപ്പിക്കില്ല. പ്രദേശങ്ങളിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം തുടരും. പോത്തുകൽ പഞ്ചായത്ത് പരിധിയിൽ വരുന്ന ഇരുട്ടുകുത്തി മുതൽ ചാത്തമുണ്ട വരെയുള്ള ചാലിയറിന്റെ തീരത്തു വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ഇന്ന് പരിശോധന നടത്തും. സന്നദ്ധ പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊലീസ് തുടങ്ങിയവർ തെരച്ചിലിൽ പങ്കുചേരും.
READ MORE: ദുരിതാശ്വാസത്തിനെത്തിക്കുന്ന അവശ്യവസ്തുക്കളുടെ നീക്കം സുതാര്യമാക്കാന്‍ സോഫ്റ്റ്‌വെയർ
പുത്തുമലയിൽ കൂടുതൽ മൃതദേഹങ്ങൾ ഇന്ന് സംസ്‌കരിക്കും. സർവമത പ്രാർഥനയോടെയായിരിക്കും സംസ്‌കാര ചടങ്ങുകൾ. ദുരന്ത പശ്ചാത്തലത്തിൽ സർക്കാർ പ്രത്യേകം തയ്യാറാക്കിയ മാർഗ നിർദേശ പ്രകാരമായിരിക്കും സംസ്‌കാരം. തിരിച്ചറിയാത്ത എട്ട് മൃതദേഹങ്ങളുടെ സംസ്‌കാരമാണ് കഴിഞ്ഞ രാത്രി നടന്നത്. തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ സാംപിൾ ശേഖരിക്കാനുള്ള നടപടികളും ആരംഭിച്ചു.