മലപ്പുറത്ത് നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. മരണമടഞ്ഞ വണ്ടൂർ നടുവത്ത് സ്വദേശിയായ 24 വയസുകാരനാണ് നിപ സ്ഥിരീകരിച്ചത്. പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് അയച്ച സ്രവ പരിശോധന ഫലം പോസിറ്റീവാകുകയായിരുന്നു.
ബെംഗളൂരുവിൽ പഠിക്കുന്ന വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയോടെയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. യുവാവ് മസ്തിഷ്‌ക ജ്വരത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസുണ്ടോയെന്ന സംശയം ഉയർന്നത്.
തുടർന്ന്, കോഴിക്കോട് നടത്തിയ പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ഇന്നലെ രാത്രിയില്‍ തന്നെ ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര ഉന്നതലയോഗം ചേര്‍ന്നിരുന്നു. പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പ്രോട്ടോകോള്‍ പ്രകാരമുള്ള 16 കമ്മിറ്റികള്‍ ഇന്നലെ തന്നെ രൂപീകരിച്ചിരുന്നു.
Also Read: നിപ ഭീതിയില്‍ മലപ്പുറം: സമ്പര്‍ക്ക പട്ടികയില്‍ കൂടുതല്‍ പേര്‍; 151 പേരുടെ പട്ടിക ആരോഗ്യ വകുപ്പ്
ഇതുവരെ 151 പേരാണ് യുവാവിന്‍റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്. നാല് സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുമുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരില്‍ അഞ്ച് പേര്‍ക്ക് ചില ലഘുവായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വീണ ജോർജ് അറിയിച്ചു.
ആരോഗ്യ വിദഗ്‌ധ സംഘം വണ്ടൂരിലെത്തിയെന്നാണ് ലഭ്യമാകുന്ന വിവരം. ആരോഗ്യ ഡയറക്ടർ ഇന്ന് മലപ്പുറത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തും. സമ്പർക്കമുള്ളവരുടെ പട്ടിക ഇയാളുടെ ബന്ധുക്കൾ നിരീക്ഷണത്തിൽ തുടരുകയാണ്. നിപ ആശങ്കയെ തുടർന്ന് തിരുവാലി പഞ്ചായത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. എല്ലാവർക്കും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. എല്ലാ വാർഡുകളിലും പനി സർവ്വെ നടത്തുമെന്നും അധികൃതർ അറിയിച്ചു. പാണ്ടിക്കാട് ചെമ്പ്രശേരിയിൽ 14 വയസുകാരൻ നിപ ബാധിച്ച് മരിച്ചത് രണ്ടു മാസം മുൻപാണ്.