NEWSROOM

ജോയിയുടെ മൃതദേഹം കണ്ടെത്തി; ദൗത്യം ഫലം കണ്ടത് 46 മണിക്കൂറിന് ശേഷം

ടണലുകളുടെ സ്കെച്ച് ഉൾപ്പടെ പരിശോധിച്ച ശേഷമാണ് ജോയിക്കായുള്ള തെരച്ചിൽ പുനരാരംഭിച്ചത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ജോയിയുടെ മൃതദേഹം കണ്ടെത്തി. രാവിലെ 9.30ഓടെ പഴവങ്ങാടി തകരപ്പറമ്പ് കനാലില്‍ ഉപ്പിലാമൂട് പാലത്തിനടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നാം ദിനം ശുചീകരണത്തൊഴിലാളിയാണ് കനാലിൽ മൃതദേഹം പൊങ്ങിയത് കണ്ട് പൊലീസിനെ അറിയിച്ചത്. മൃതദേഹം ജോയിയുടേത് തന്നെയെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ജീർണാവസ്ഥയിലുള്ള മൃതദേഹം തുടർനടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സോണാർ ഉപയോഗിച്ച് ടണലിലെ ദൃശ്യങ്ങൾ ശേഖരിച്ച ശേഷമാണ് നാവികസേനാ സംഘം തെരച്ചിൽ പുനരാരംഭിച്ചത്. ഫയർ ഫോഴ്സിൻ്റെ സ്കൂബ വിഭാഗവും ടണലിലേക്ക് മാലിന്യം നീക്കാൻ ഇറങ്ങിയിരുന്നു. നേവി, എൻഡിആർഎഫിൻ്റെ സംഘം, ഫയർഫോഴ‌്സ് തുടങ്ങിയവരുടെ സംയുക്തമായ തെരച്ചിലായിരുന്നു തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ നടത്തിയത്.

അതേസമയം, തോട്ടിലെ മാലിന്യനീക്കം സംബന്ധിച്ച് നഗരസഭയും റെയിൽവേയും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകുകയാണ്. ആമയിഴഞ്ചാന്‍ തോട്ടിലെ അപകടത്തിന് പിന്നാലെയുണ്ടായ മാലിന്യ പ്രശ്നത്തില്‍ നഗരസഭയും റെയില്‍വേയും പരസ്പരം പഴിചാരുന്ന കാഴ്ചയാണ് കാണുന്നത്. മാലിന്യം വരുന്നത് നഗരത്തിൻ്റെ പലഭാഗങ്ങളില്‍ നിന്നാണെന്നും അത് റെയില്‍വേയുടേതല്ലെന്നുമാണ് അഡീഷണല്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ എം.ആര്‍ വിജിയുടെ ആരോപണം.

റെയില്‍വേയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന തിരുവനന്തപുരം നഗരസഭ മേയര്‍ ആര്യ രാജേന്ദ്രന്റെ പ്രസ്താവനക്ക് പിന്നാലെയാണ് ഡിവിഷണല്‍ മാനേജറുടെ ആരോപണം.തെളിവ് സഹിതമാണ് കാര്യങ്ങള്‍ പറയുന്നത്. ബോധപൂര്‍വ്വം മാലിന്യ സംസ്കരണത്തില്‍ റെയില്‍വേ ഇടപെട്ടില്ല. നഗരസഭയുടെ പരിശോധന ഉണ്ടാകും. എവിടെയാണ് റെയില്‍വേയുടെ മാലിന്യ സംസ്‌കരണ പ്ലാൻ്റ് ഉള്ളതെന്നും മേയര്‍ ചോദിച്ചു.

SCROLL FOR NEXT