NEWSROOM

ഓപ്പറേഷൻ ലോട്ടസിലൂടെ വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കുന്നു; ബിജെപിക്കെതിരെ അരവിന്ദ് കെജ്‌രിവാൾ

ഡൽഹിയിൽ നേരിടാൻ പോകുന്ന പരാജയം ബിജെപി അംഗീകരിച്ചു കഴിഞ്ഞു. അവർക്ക് എടുത്തുകാണിക്കാൻ ഒരു പ്രധാന മുഖമില്ല,സ്ഥാനാർഥികളുമില്ല

Author : ന്യൂസ് ഡെസ്ക്

ഡൽഹി തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ബിജെപി കൃത്രിമം കാണിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി അരവിന്ദ് കെജ്‌രിവാൾ. ഓപ്പറേഷൻ ലോട്ടസിലൂടെ വോട്ടർ പട്ടികയിൽ ബിജെപി കൃത്രിമത്വം കാണിച്ചുവെന്നും അതിനുള്ള ശ്രമം അവർ തുടരുകയാണെന്നും കെജ്‌രിവാൾ വിമർശിച്ചു. ബിജെപിക്കെതിരെ കടുത്ത ആരോപണമാണ് ആംആദ്‌മി നേതാവ് ഉയർത്തിയത്.

ഓപ്പറേഷൻ ലോട്ടസിലൂടെ വോട്ടർമാരുടെ പട്ടികയിൽ ബിജെപി കൃത്രിമത്വം കാണിക്കാൻ ശ്രമിക്കുകയാണ്. ഡിസംബർ 15 മുതൽ ഓപ്പറേഷൻ ലോട്ടസ് ആരംഭിച്ചു. അന്ന് മുതൽ 15 ദിവസം വരെ 5,000 വോട്ടുകൾ ഇല്ലാതാക്കാനും 7,500 വോട്ടുകൾ കൂട്ടിച്ചേർക്കാനും ബിജെപി അപേക്ഷ നൽകിയെന്ന് കെ‌ജ്‌രിവാൾ ആരോപണം ഉന്നയിച്ചു.

നിയമസഭയിലെ 12 ശതമാനം വോട്ടർമാരിൽ കൃത്രിമത്വം നടത്താനാണെങ്കിൽ എന്തിനാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് ചോദിച്ച കെജ്‌രിവാൾ, വോട്ടിൻ്റെ പേരിൽ പ്രത്യേക ഗെയിം നടക്കുകയാണെന്നും വിമർശിച്ചു. ഡൽഹിയിൽ നേരിടാൻ പോകുന്ന പരാജയം ബിജെപി അംഗീകരിച്ചു കഴിഞ്ഞു. അവർക്ക് എടുത്തുകാണിക്കാൻ ഒരു പ്രധാന മുഖമില്ല,സ്ഥാനാർഥികളുമില്ല. അതുകൊണ്ട് തെരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി വോട്ടർ പട്ടികയിൽ കൃത്രിമത്വം കാണിക്കാനാണ് ശ്രമമെന്ന് കെജ്‌രിവാൾ ആരോപിച്ചു. ഡൽഹി ആം ആദ്മി ഘടകം ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കത്തയച്ചിട്ടുണ്ട്.

SCROLL FOR NEXT