സിഖ് മത സ്ഥാപകൻ ശ്രീ ഗുരു നാനാക്ക് ദേവിൻ്റെ ജന്മസ്ഥലമായ പാകിസ്ഥാനിലെ ശ്രീ നങ്കന സാഹിബിലേക്ക് യാത്രാ ഇടനാഴി സ്ഥാപിക്കാൻ പാക് സർക്കാരുമായി ചർച്ചകൾ നടത്തണമെന്ന് ആംആദ്‌മി പാർട്ടി എംപി രാഘവ് ഛദ്ദ. രാജ്യസഭയിലെ പ്രസംഗത്തിനിടെയായിരുന്നു എംപി കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെട്ടത്. വിജയകരമായി പ്രവർത്തനം തുടരുന്ന ശ്രീ കർതാർപൂർ സാഹിബ് ഇടനാഴിയെ പരാമർശിച്ച രാഘവ് ഛദ്ദ, ഇത്തരത്തിലുള്ള പദ്ധതികൾ ആളുകളെ വിശ്വാസത്താൽ ഒന്നിപ്പിക്കുമെന്നും, ആത്മീയബന്ധം വളർത്തിയെടുക്കുമെന്നും പറഞ്ഞു. പുരോഗമനമാറ്റങ്ങൾക്കായുള്ള പദ്ധതികൾ ആവശ്യപ്പെടുന്നതിടയിലാണ് രാഘവ് ഛദ്ദയുടെ വ്യത്യസ്ത ആവശ്യം.
പഞ്ചാബിലെ അമൃത്‌സറിൽ( വാഗാ അതിർത്തി) നിന്ന് പാകിസ്ഥാനിലെ ശ്രീ നങ്കന സാഹിബിലേക്ക് സുരക്ഷിതമായ ഒരു റോഡ് പാത സൃഷ്ടിക്കണെമെന്നാണ് രാഘവ് ഛദ്ദയുടെ ആവശ്യം. ഇത് തീർഥാടനത്തിനായി ആഗ്രഹിക്കുന്ന ഭക്തർക്ക് യാത്രചെയ്യാൻ സുരക്ഷിതവും സൗകര്യപ്രദവുമായ വഴിയൊരുക്കുമെന്ന് എംപി പറയുന്നു.
ശ്രീ ഗുരുനാനാക്ക് ദേവിൻ്റെ ജന്മസ്ഥലത്തെത്തി ആരാധന നടത്താൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഉപയോഗിക്കാവുന്ന തരത്തിലായിരിക്കണം ഇടനാഴി. ശ്രീ നങ്കന സാഹിബിനെ സന്ദർശിക്കാൻ ഭക്തർ പാസ്‌പോർട്ടോ വിസയോ ഫോമുകളോ പൂരിപ്പിക്കേണ്ടതില്ലെന്നും ഈ വിശുദ്ധ തീർത്ഥാടനത്തിന് യാതൊരു ഫീസും ഈടാക്കരുതെന്ന അഭ്യർഥനയും എഎപി നേതാവ് ഉന്നയിച്ചു.
പുരോഗമനപരമായ മാറ്റങ്ങൾക്കായി നിരന്തരം വാദമുന്നയിക്കുന്ന നേതാവാണ് രാഘവ് ഛദ്ദ. അടുത്തിടെ ഇന്ത്യയിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 25 ൽ നിന്ന് 21 ആയി കുറയ്ക്കാനുള്ള ആവശ്യം ഛദ്ദ ഉന്നയിച്ചിരുന്നു. ശരാശരി പ്രായം 29 ആയ ഒരു യുവ രാജ്യമാണ് ഇന്ത്യയെന്നും ജനസംഖ്യയുടെ 65 ശതമാനം 35 വയസ്സിന് താഴെയുള്ളവരും 50 ശതമാനത്തിലധികം 25 വയസ്സിന് താഴെയുള്ളവരുമാണെന്നും രാഘവ് ഛദ്ദ പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭയിലെ എംപിമാരിൽ 40 വയസ്സിൽ താഴെയുള്ളവരുടെ കണക്ക് 12 ശതമാനം പേർ മാത്രമാണെങ്കിൽ ആദ്യ ലോക്‌സഭയിലെ 29 ശതമാനം എംപിമാരും 40 വയസിൽ താഴെയായിരുന്നെന്ന് ചദ്ദ ചൂണ്ടിക്കാട്ടി.പഴയ രാഷ്ട്രീയക്കാരുള്ള യുവരാജ്യത്തിൽ" നിന്ന് "യുവ രാഷ്ട്രീയക്കാരുള്ള യുവ രാജ്യമായി" ഇന്ത്യ മാറേണമെന്നും നേതാവ് ഊന്നിപ്പറഞ്ഞു.