NEWSROOM

പ്രതിഫല പരാതിയില്‍ ഇടപെട്ടതിന് 'കമ്മീഷന്‍' ചോദിച്ചു; ഫെഫ്ക‌യ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ആഷിഖ് അബു

ഇതേ ചൊല്ലി സംവിധായകന്‍ സിബി മലയിലുമായി വാക്കുതര്‍ക്കം ഉണ്ടായെന്നും ആഷിഖ് രാജിക്കത്തില്‍ പറയുന്നു

Author : ന്യൂസ് ഡെസ്ക്

ഫെഫ്ക നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകന്‍ ആഷിഖ് അബു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടന സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് രാജിവെച്ചുകൊണ്ട് അംഗങ്ങള്‍ക്ക് അയച്ച കത്തിലാണ് തനിക്ക് നേരിട്ട അനീതിയെ കുറിച്ച് ആഷിഖ് അബു വെളിപ്പെടുത്തിയത്. 2012-ല്‍ നിര്‍മാതാവില്‍ നിന്ന് ലഭിക്കേണ്ട പ്രതിഫലവുമായി ബന്ധപ്പെട്ട പരാതിയില്‍ ഡയറക്ടേഴ്സ് യൂണിയന്‍ അന്യായമായ ഇടപെടലാണ് നടത്തിയതെന്ന് ആഷിഖ് അബു ആരോപിച്ചു.

പ്രതിഫലം വാങ്ങി നല്‍കാന്‍ ഇടപെട്ടതിന് ലഭിച്ച തുകയുടെ 20 ശതമാനം കമ്മീഷനായി നേതൃത്വത്തിലുള്ളവര്‍ ആവശ്യപ്പെട്ടെന്നും ഇതേ ചൊല്ലി സംവിധായകന്‍ സിബി മലയിലുമായി വാക്കുതര്‍ക്കം ഉണ്ടായെന്നും ആഷിഖ് രാജിക്കത്തില്‍ പറയുന്നു.

അംഗങ്ങളുടെ പ്രശ്നത്തില്‍ ഇടപെട്ടതിന് കമ്മീഷന്‍ ചോദിക്കുന്നത് അനീതിയാണെന്ന് പറഞ്ഞപ്പോള്‍ നിര്‍ബന്ധപൂര്‍വം 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. മനസിൽ ശപിച്ചുകൊണ്ട് ചെക്ക് എഴുതി കൊടുത്തുവിട്ടു. താന്‍മിണ്ടാതിരിക്കില്ല എന്ന് ബോധ്യം വന്നതുകൊണ്ടോ അതോ ചോദ്യം ചെയ്യപ്പെട്ടതിൽ ഉള്ള പ്രതിഷേധമോ പിണക്കമോ കൊണ്ടോ ചെക്ക് വാങ്ങാതെ മടക്കി അയച്ചു. തനിക്കൊപ്പം പരാതി നല്‍കിയ എഴുത്തുകാരില്‍ നിന്ന് 20 ശതമാനം തുക സര്‍വീസ് ചാര്‍ജായി സംഘടന വാങ്ങിയെന്നും ആഷിഖ് അബു ആരോപിച്ചു. നിർമാതാവിൽ നിന്ന് ലഭിക്കേണ്ട ബാക്കി 50 ശതമാനം തുകയുടെ കാര്യത്തിൽ പിന്നീട് സംഘടന ഇടപെട്ടില്ലെന്നും ഇപ്പോഴും ആ പണം കിട്ടിയിട്ടില്ലെന്നും ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു.

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സംഘടന സ്വീകരിച്ച കുറ്റകരമായ മൗനം, പിന്നീട് പത്രകുറിപ്പെന്ന പേരിൽ പുറത്തിറങ്ങിയ വാചക കസർത്തുകൾ, ' പഠിച്ചിട്ടു പറയാം ' ' വൈകാരിക പ്രതികരണങ്ങൾ അല്ല വേണ്ടത് എന്ന നിർദേശം ' എന്നിവയൊക്കെ ഒരംഗം എന്ന നിലയിൽ തന്നെ ഏറെ നിരാശപ്പെടുത്തി. സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിൽ സംഘടനയും നേതൃത്വവും പരാജയപ്പെട്ടിരിക്കുന്നുവെന്ന് ആഷിഖ് അബു വ്യക്തമാക്കി.

ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ ഫെഫ്കയും ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനും സ്വീകരിച്ച നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് പ്രതിഷേധ സൂചകമായി ആഷിഖ് അബു ഫെഫ്കയില്‍ നിന്ന് രാജിവെച്ചത്.

SCROLL FOR NEXT