ചൂരൽമലയിൽ നിന്നുള്ള ദൃശ്യങ്ങൾ 
NEWSROOM

ഉറ്റവരെ തേടി അലയുന്ന മിണ്ടാപ്രാണികളും; ദുരന്തഭൂമിയിലെ ഉള്ളുലയുന്ന കാഴ്ച്ചകള്‍

ചില വീടുകളില്‍ ശേഷിക്കുന്നത് ഇവര്‍ മാത്രമാണ്

Author : ന്യൂസ് ഡെസ്ക്

മുണ്ടക്കൈയിലും ചൂരല്‍മലയിലും പുഞ്ചിരിമട്ടത്തും ഉറ്റവരെ തേടി അലയുന്നത് മനുഷ്യര്‍ മാത്രമല്ല, മറ്റുചിലര്‍ കൂടിയുണ്ട്. പോറ്റിവളര്‍ത്തിയവരെ അന്വേഷിച്ച് പരിഭ്രാന്തരായതുപോലെ പാഞ്ഞുനടക്കുകയാണ് ജീവന്‍ തിരിച്ചുകിട്ടിയ വളര്‍ത്തുനായ്ക്കള്‍. ദുരന്തഭൂമിയിലെ ഈ ഓരിയിടലുകളില്‍ ഉള്ളുലഞ്ഞുപോകുന്നത് രക്ഷാപ്രവര്‍ത്തകര്‍ക്കാണ്. ചെളിയും പാറയും മൂടിയിട്ടും ഉറ്റവരുടെ ഗന്ധം അറിഞ്ഞ് എത്തുന്നവരാണ്. വീടിരുന്നയിടം തോടായി മാറിയിട്ടും അവര്‍ക്കു വഴിതെറ്റുന്നില്ല. ഇവരെപ്പോലെ മറ്റാര്‍ക്കാണ് വീടിന്റെ മണമറിയാവുന്നത്? വീട്ടുകാരുടെ ചൂരറിയാവുന്നത്?



തെറിച്ചുവീണ കളിപ്പാട്ടങ്ങളില്‍ നിന്ന് അവര്‍ ഉരുള്‍ കൊണ്ടുപോയ കൂട്ടുകാരുടെ മണം തിരികെ പിടിക്കുകയാണ്. ചെളിപുതച്ചുകിടക്കുന്ന വണ്ടിച്ചക്രങ്ങളിലും മറിഞ്ഞുകിടക്കുന്ന വൈദ്യുതി തൂണുകളിലും പണ്ട് നിക്ഷേപിച്ച സ്വന്തം ഗന്ധം തേടുകയാണ്. ചില വീടുകളില്‍ ശേഷിക്കുന്നത് ഇവര്‍ മാത്രമാണ്. മറ്റു ചിലയിടങ്ങളില്‍ കന്നുകാലികള്‍ കൂടിയുണ്ട്. ഇവരെ പോറ്റി വളര്‍ത്തിയവര്‍ ജീവനോടെയുണ്ടോയെന്ന് രക്ഷാപ്രവര്‍ത്തകര്‍ക്കും ഉറപ്പില്ല. ആശുപത്രികളിലുള്ള നൂറോളം പേരിലോ മോര്‍ച്ചറികളിലെ നൂറ്റിയന്‍പതോളം പേരിലോ അവരുണ്ടാകാം. അല്ലെങ്കില്‍ ഇനിയും കണ്ടെത്താനാകാത്ത ഇരുനൂറോളം പേരില്‍.

നാടു കണ്ട കൊടിയ ദുരന്തത്തിന്റെ നേര്‍സാക്ഷികളാണിവര്‍. മണ്ണിരമ്പമറിഞ്ഞ് ഓടിക്കയറിയ കുന്നിന്‍ ചരിവുകളില്‍ നിന്ന് എല്ലാം കാണേണ്ടിവന്നവര്‍. മുറ്റത്തുകെട്ടിയിട്ടിരുന്ന, കൂട്ടില്‍ അടച്ചിട്ടിരുന്ന കൂടപ്പിറപ്പുകളുമുണ്ട്, ഇവരിപ്പോള്‍ നില്‍ക്കുന്ന ഈ മണ്ണിനടിയില്‍ എവിടെയോ...

SCROLL FOR NEXT