അപകീർത്തിക്കേസിൽ നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് അമേരിക്കൻ ചാനൽ എബിസി ന്യൂസ് 15 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകും. ട്രംപ് നൽകിയ മാനനഷ്ട കേസിലാണ് നഷ്ടപരിഹാരം നൽകുന്നത്. ഒരു മില്യൺ ഡോളർ അറ്റോർണി ഫീസായി ട്രംപിന് നൽകാനും പരസ്യ ക്ഷമാപണം നടത്താനും കോടതി ഉത്തരവിട്ടിരുന്നു. ഒത്തുതീർപ്പ് വ്യവസ്ഥയ്ക്ക് ചാനലും അവതാരകനും തയ്യാറായതോടെ കേസ് ഫ്ളോറിഡ കോടതി തീർപ്പാക്കി.
കഴിഞ്ഞ മാർച്ച് 10 ന് നടന്ന ചാനൽ പരിപാടിയിൽ എബിസി അവതാരകൻ ജോർജ്ജ് സ്റ്റെഫാനോ പൗലോസ്, ട്രംപ് ബലാത്സംഗ കേസിൽ കുറ്റക്കാരനാണെന്ന പരാമര്‍ശം നടത്തിയതാണ് കേസിനാസ്പദമായ സംഭവം. പരാമർശം വിവാദമായതോടെ ട്രംപ് ഫ്ലോറിഡ ഫെഡറൽ കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. പത്ത് തവണയെങ്കിലും ട്രംപിനെ ബലാത്സംഗം ചെയ്തയാളെന്ന് ചാനൽ പരിപാടിയിൽ പരാമർശിച്ചുവെന്നാണ് പരാതി. തന്നെ മോശക്കാരനാക്കാനായി ഇല്ലാത്ത കാര്യങ്ങൾ ചാനൽ പരിപാടിയിൽ കെട്ടിച്ചമയ്ച്ച് അവതരിപ്പിച്ചുവെന്നാണ് അവതാരകനെതിരെ ട്രംപ് ഹർജിയിൽ പറഞ്ഞത്.
പരിപാടിയുടെ വീഡിയോ കണ്ട കോടതി വാദങ്ങൾക്ക് ശേഷം കേസ് ഗൗരവമുള്ളതാണെന്ന് അഭിപ്രായപ്പെട്ടു. കോടതിയിൽ മാപ്പപേക്ഷ നൽകി കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടെങ്കിലും കോടതി അതിന് തയ്യാറായിരുന്നില്ല. തുടർന്നാണ് കോടതി ഉത്തരവിനെ തുടർന്ന് ചാനൽ ഒത്തുതീർപ്പ് വ്യവസ്ഥ അംഗീകരിച്ചത്. ട്രംപിനെതിരായ പരാമർശങ്ങളിൽ എബിസി ന്യൂസ് മാനേജ്മെന്റും അവതാരകൻ സ്റ്റെഫാനോ പൗലോസും ഖേദം പ്രകടിപ്പിച്ചു, പരസ്യപ്രസ്താവനയും പുറത്തിറക്കി.
മാധ്യമസ്ഥാപനങ്ങൾക്കെതിരെ ട്രംപ് നേരത്തേയും കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ സിബിഎസ് ന്യൂസ് സംപ്രേഷണം ചെയ്ത പരിപാടിക്കെതിരെ 10 ബില്യൺ ഡോളറിന്റെ മാനനഷ്ടക്കേസാണ് ട്രംപ് ഫയൽ ചെയ്തിട്ടുള്ളത്. 60 മിനിറ്റ് എന്ന് പേരുള്ള പരിപാടിയിൽ കമലാ ഹാരിസുമായി ചാനൽ നടത്തിയ അഭിമുഖത്തിലെ പരാമർശങ്ങൾക്കെതിരെയാണ് സിബിഎസ് ചാനലിനെതിരായ ട്രംപിന്റെ ഹർജി.