NEWSROOM

റിയാദ് കോടതിയുടെ മോചന ഉത്തരവ് കാത്ത് അബ്ദുള്‍ റഹീം; കേസ് ഇന്ന് വീണ്ടും പരിഗണിക്കും

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുണ്ടെന്ന് ചൂണ്ടിക്കാട്ടി റിയാദ് കോടതി 11 തവണ മാറ്റിവെച്ച കേസാണ് വീണ്ടും പരിഗണിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്


സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതി ഇന്ന് പരിഗണിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുണ്ടെന്ന് ചൂണ്ടിക്കാട്ടി റിയാദ് കോടതി 11 തവണ മാറ്റിവെച്ച കേസാണ് വീണ്ടും പരിഗണിക്കുന്നത്. മാര്‍ച്ച് 18നാണ് കേസ് പരിഗണിക്കുന്നത് അവസാനം മാറ്റിവെച്ചത്.

മോചന ഉത്തരവ് ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുൾ റഹീമും കുടുംബവും. കേസില്‍ അബ്ദുൾ റഹീമിന്റെ വധശിക്ഷ കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിന് കോടതി റദ്ദാക്കിയിരുന്നു. തടവ് അടക്കമുള്ള ശിക്ഷകളിലും ഇളവ് ലഭിച്ചാല്‍ മാത്രമേ റഹീം ജയില്‍ മോചിതനാകൂ.

സൗദി ബാലന്‍ മരിച്ച കേസിലാണ് കോഴിക്കോട് രാമനാട്ടുകര കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൾ റഹീം 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്നത്. പബ്ലിക് പ്രോസിക്യൂഷന്‍ അടക്കമുള്ള വകുപ്പുകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെങ്കിലും നിരവധി തവണ കേസ് പരിഗണിച്ച റിയാദ് ക്രിമിനല്‍ കോടതി മോചന ഉത്തരവില്‍ വിധി പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു.

ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. ദയാധനം സ്വീകരിച്ചതിന് ശേഷം കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്. എന്നാല്‍ കോടതിയുടെ സ്വാഭാവികമായ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ അബ്ദുൾ റഹീമിന്റെ മോചനം നീണ്ടുപോകുകയായിരുന്നു.

സമാനതകളില്ലാത്ത ഫണ്ട് ശേഖരണത്തില്‍ മൊത്തം 47.87 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. ഇതില്‍ റഹീമിന്റെ മോചനത്തിനായി 34 കോടിയിലേറെ മോചനദ്രവ്യവും, വക്കീല്‍ ഫീസായി ഒന്നരക്കോടിയും ഉള്‍പ്പെടെ 36.27 കോടി രൂപ വിനിയോഗിച്ചു.

SCROLL FOR NEXT