NEWSROOM

അബ്ദുള്‍ റഹീമിന്റെ മോചനം: കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടി നിയമസഹായ സമിതി

തുടര്‍ച്ചയായി ഏഴ് തവണയാണ് അബ്ദുള്‍ റഹീമിന്റെ മോചന ഉത്തരവ് പുറപ്പെടുവിക്കാതെ കേസ് മാറ്റിവെച്ചത്.

Author : ന്യൂസ് ഡെസ്ക്


സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫാറൂഖ് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചന കേസുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടി റഹീം നിയമസഹായ സമിതി. സൗദി കോടതിയിലെ മോചന നടപടികള്‍ അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തിലാണ് നടപടി.

സൗദി കോടതിയിലെ മോചന നടപടികള്‍ അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തിലാണ് നടപടി. ഹാരിസ് ബീരാന്‍ എംപിയെ നേരിട്ട് കണ്ടാണ് സമിതി കാര്യങ്ങള്‍ ബോധിപ്പിച്ചത്. പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, ഇന്ത്യയിലെ സൗദി അംബാസിഡര്‍ എന്നിവരുടെ ഇടപെടല്‍ തേടുകയും ചെയ്തു. മുഴുവന്‍ എംപിമാരും ഒന്നിച്ച് വേണ്ടത് ചെയ്യാമെന്ന് ഹാരിസ് ബീരാന്‍ എംപി ഉറപ്പ് നല്‍കിയതായി സഹായ സമിതി പറഞ്ഞു.

തുടര്‍ച്ചയായി ഏഴ് തവണയാണ് അബ്ദുള്‍ റഹീമിന്റെ മോചന ഉത്തരവ് പുറപ്പെടുവിക്കാതെ കേസ് മാറ്റിവെച്ചത്. നിരവധി തവണ മാറ്റിവെച്ച കേസില്‍ റഹീമിന്റെ മോചന ഉത്തരവ് കാത്തിരിക്കുകയാണ് കുടുംബവും നാട്ടുകാരും.

സൗദി ബാലന്‍ മരിച്ച കേസിലാണ് കോഴിക്കോട് രാമനാട്ടുകര കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീം 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്നത്. പബ്ലിക് പ്രോസിക്യൂഷന്‍ അടക്കമുള്ള വകുപ്പുകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെങ്കിലും നിരവധി തവണ കേസ് പരിഗണിച്ച റിയാദ് ക്രിമിനല്‍ കോടതി മോചന ഉത്തരവില്‍ വിധി പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു.

ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. ദയാധനം സ്വീകരിച്ചതിന് ശേഷം കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്. എന്നാല്‍ കോടതിയുടെ സ്വാഭാവികമായ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ അബ്ദുല്‍ റഹീമിന്റെ മോചനം നീണ്ടുപോകുകയായിരുന്നു.

സമാനതകളില്ലാത്ത ഫണ്ട് ശേഖരണത്തില്‍ മൊത്തം 47.87 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. ഇതില്‍ റഹീമിന്റെ മോചനത്തിനായി 34 കോടിയിലേറെ മോചനദ്രവ്യവും, വക്കീല്‍ ഫീസായി ഒന്നരക്കോടിയും ഉള്‍പ്പെടെ 36.27 കോടി രൂപ വിനിയോഗിച്ചു.

SCROLL FOR NEXT