ഇലോണ്‍ മസ്‌ക്, കമല ഹാരിസ് 
NEWSROOM

ഗര്‍ഭഛിദ്ര നിരോധനം; എക്സ് പോസ്റ്റില്‍ കമല ഹാരിസിന് വിമര്‍ശനവുമായി മസ്‌ക്

തിങ്കളാഴ്ച എക്‌സിലാണ് കമല ഗര്‍ഭഛിദ്ര നിരോധനത്തിനെപ്പറ്റി പോസ്റ്റിടുന്നത്

Author : ന്യൂസ് ഡെസ്ക്

യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെതിരെ വിമര്‍ശനവുമായി എക്സ് പ്ലാറ്റ്‌ഫോമിന്റെ ഉടമ ഇലോണ്‍ മസ്‌ക്. ഗര്‍ഭഛിദ്ര നിരോധനത്തില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിനെ കമല ഹാരിസ് തെറ്റായി വ്യാഖ്യാനിച്ചു എന്നാണ് മസ്‌കിന്റെ ആരോപണം.

തിങ്കളാഴ്ചയാണ് കമല ഹാരിസ് എക്സില്‍ ഗര്‍ഭഛിദ്ര നിരോധനത്തിനെക്കുറിച്ച് പോസ്റ്റിടുന്നത്. നവംബര്‍ 5ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡനെതിരെ മത്സരിക്കുന്ന ട്രംപ് രാജ്യവ്യാപകമായി ഗര്‍ഭഛിദ്രം നിരോധിക്കുമെന്നായിരുന്നു കമലയുടെ പോസ്റ്റ്. ബൈഡനും താനും ചേര്‍ന്ന് എല്ലാവിധ ശക്തിയും ഉപയോഗിച്ച് ഇത് തടയുമെന്നും സ്ത്രീകളുടെ പ്രത്യുല്‍പാദന സ്വാതന്ത്രം തിരികെ നല്‍കുമെന്നും കമല കൂട്ടിചേര്‍ത്തു. എന്നാല്‍ കമലയുടെ പോസ്റ്റ് എക്സിന്റെ ഫാക്ട് ചെക്കിങ് സംവിധാനമായ കമ്മ്യൂണിറ്റി നോട്ടിലൂടെ അനവധിപേര്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

ട്രംപ് പ്രസിഡന്റായിരുന്ന കാലത്ത് ഗര്‍ഭഛിദ്ര നിരോധന നിയമത്തില്‍ ഒപ്പിടില്ലെന്ന് നിരന്തരമായി പറഞ്ഞുവെന്നാണ് കമ്മ്യൂണിറ്റി നോട്ടില്‍ വന്ന കുറിപ്പില്‍ പറയുന്നത്. 

'ഈ പ്ലാറ്റ്ഫോമില്‍ നുണ പറയാന്‍ പറ്റില്ലെന്ന് രാഷ്ടീയക്കാരും അവരുടെ ഇന്റേണുകളും എന്നാണ് തിരിച്ചറിയുക', എന്നാണ് മസ്‌ക് എക്സില്‍ കുറിച്ചത്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഗര്‍ഭഛിദ്ര നിരോധനം ഒരു പ്രധാന വിഷയമായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് മസ്‌കിന്റെ പ്രതികരണം.

SCROLL FOR NEXT