അലൻ വാക്കറുടെ ഡിജെ പരിപാടിക്കിടെ കൂട്ടത്തോടെ മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടതായി പരാതി. നൂറോളം മൊബൈൽ ഫോണുകളാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ ഇതുവരെ 60ഓളം പരാതികൾ മുളവുകാട് പൊലീസിന് ലഭിച്ചു.
അതേസമയം, മൊബൈൽ ഫോൺ നഷ്ടപ്പെട്ട സംഭവത്തിൽ മോഷണ സാധ്യത പൊലീസ് തള്ളി. ഡിജെ ഡാൻസിനിടെ തെറിച്ചുവീണ് മൊബൈൽ ഫോണുകൾ നഷ്ടമായിട്ടുണ്ടെന്നും, പരിപാടിക്ക് പൊലീസ് ഒരുക്കിയത് വൻ സുരക്ഷയാണെന്നും എറണാകുളം സെൻട്രൽ എസ്‌പി ജയകുമാർ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.
മുഴുവൻ സമയവും പൊലീസ് നിരീക്ഷണം ഉണ്ടായിരുന്നുവെന്നും, ഇതിനിടെ മോഷണം നടക്കാൻ സാധ്യതയില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. IMEI നമ്പർ കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നുണ്ട്. സ്വബോധത്തിൽ ഉണ്ടായിരുന്നവരുടെ മൊബൈൽ ഫോണുകൾ നഷ്ടമായിട്ടില്ലെന്നും എസിപി അറിയിച്ചു.
കൊച്ചി ബോൾഗാട്ടി പാലസിൽ കഴിഞ്ഞ ദിവസമാണ് ഡി.ജെ. അലൻ വാക്കറുടെ സംഗീത വിരുന്ന് നടന്നത്. ആയിരങ്ങളാണ് സംഗീത നിശയിൽ പങ്കെടുക്കാനായി ബോൾഗാട്ടി പാലസിൽ എത്തിയത്.