കഴിഞ്ഞ 35 വർഷത്തിനിടെ കൊച്ചി തീരത്ത് മാത്രം കടലെടുത്തത് 200 ഏക്കറോളം ഭൂമിയെന്ന് റിപ്പോർട്ട്. കടലേറ്റം രൂക്ഷമായതോടെയാണ് കടല്‍തീരങ്ങള്‍ ഇല്ലാതായതെന്നും റിപ്പോർട്ടിൽ പറയുന്നു. വർഷാവർഷം കടൽ കൂടുതൽ ഉള്ളിലേക്ക് കയറുന്നതും തീരശോഷണത്തിനും തീരദേശ നഗരങ്ങളിൽ വെള്ളപ്പൊക്കത്തിനും കാരണമാകുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
തീരങ്ങൾ കടലെടുത്തപ്പോൾ ഫോർട്ട് കൊച്ചിയിലുള്ളവരിൽ പലർക്കും ശേഷിക്കുന്നത് വലിയ തീരമുണ്ടായിരുന്ന കാലത്തെ ഓർമകൾ മാത്രമാണ്. ഫോർട്ട് കൊച്ചി മുതൽ ചെല്ലാനം വരെ കള്ളക്കടൽ പ്രതിഭാസം രൂക്ഷമാണ്. ഈ സാഹചര്യം തുടർന്നാൽ അടുത്ത 75 വർഷങ്ങൾക്ക് ശേഷം കൊച്ചിയിലെ ഏകദേശം 15.61 ചതുരശ്ര കിലോമീറ്റർ ഭാഗം വെള്ളക്കെട്ടിലാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ALSO READ: സംസ്ഥാനത്ത് ഇന്നും മഴ കനക്കും; ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്, ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
ആഗോളതാപനത്തിനുമപ്പുറം നിർമാണ പ്രവർത്തനങ്ങളടക്കം മനുഷ്യന് തന്നെ വിനയാകുന്ന സാഹചര്യമാണ് ഉണ്ടാകാൻ പോകുന്നത്. തീരം കടൽ കവർന്നതോടെ ടൂറിസം സാധ്യതകൾക്ക് മങ്ങലേറ്റിരിക്കുകയാണ്. രൂക്ഷമായ കടൽകയറ്റം തടയാൻ പുലിമുട്ടടക്കമുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതേസമയം ഭൗമശാസ്ത്ര ഗവേഷകരുടെ പഠനം അനുസരിച്ച് കടൽഭിത്തികൾ ഉൾപ്പെടെയുള്ള നിർമിതികൾ തീരശോഷണം തടയുന്നതിന് ഫലപ്രദമല്ല.