NEWSROOM

കാക്കനാട് മൂന്നൂറോളം പേർക്ക് വയറിളക്കവും ഛർദിയും; അഞ്ച് വയസിൽ താഴെയുള്ള 25 കുട്ടികൾക്കും രോഗബാധ

ആരോഗ്യവകുപ്പ് സ്ഥലത്തെത്തി വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു

Author : ന്യൂസ് ഡെസ്ക്

എറണാകുളം കാക്കനാട് ഛര്‍ദിയും വയറിളക്കവും മൂലം മൂന്നൂറോളം പേര്‍ ചികിത്സ തേടി. കാക്കനാട് ഡി.എല്‍.എഫ് ഫ്‌ലാറ്റില്‍ താമസിക്കുന്നവര്‍ക്കാണ് രോഗബാധ പിടിപെട്ടത്. 5 വയസ്സില്‍ താഴെ ഉള്ള 25 ഓളം വരുന്ന കുട്ടികള്‍ക്കും രോഗബാധ പിടിപെട്ടു.

ഫ്‌ലാറ്റില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ നിന്നാണ് രോഗം പിടിപെട്ടത്. വാട്ടര്‍ അതോറിറ്റി, ടാങ്കര്‍ വെള്ളം, കിണറില്‍ നിന്നുള്ള വെള്ളം എന്നീ മൂന്നു സ്രോതസുകളില്‍ നിന്നാണ് ഫ്‌ലാറ്റിലെ ടാങ്കിലേക്ക് വെള്ളം എത്തുന്നത്. ഫ്‌ലാറ്റിലെ വാട്ടര്‍ ടാങ്ക് വെള്ളത്തില്‍ ഇ-കോളി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ എവിടെ നിന്നാണ് ബാക്ടീരിയ കടന്നുകൂടിയത് എന്നത് സംബന്ധിച്ച് പരിശോധന നടന്നുവരികയാണ്. 

ആരോഗ്യവകുപ്പ് സ്ഥലത്തെത്തി വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു. ജില്ലാ ആരോഗ്യ വിഭാഗവും തൃക്കാക്കരനഗരസഭാ ആരോഗ്യ വിഭാഗവും പരിശോധന നടത്തി. വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇന്ന് ഫ്‌ലാറ്റില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് നടത്തും. തൃക്കാക്കര എംഎല്‍എ ഉമാ തോമസും, തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍മാരും ഇന്ന് ഫ്‌ലാറ്റ് സന്ദര്‍ശിക്കും. നിലവില്‍ ടാങ്കര്‍ വഴി വെള്ളമെത്തിച്ചാണ് ഫ്‌ലാറ്റിലെ ജല ഉപയോഗം നടത്തുന്നത്.

SCROLL FOR NEXT