NEWSROOM

'തീർത്തും ലജ്ജാവഹം'; രാജ്യത്തെ ജയിലുകളില്‍ ജാതിവിവേചനം നിലനില്‍ക്കുന്നെന്ന റിപ്പോർട്ടിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതി

മാധ്യമപ്രവര്‍ത്തക സുകന്യ ശാന്ത നല്‍കിയ പൊതു താൽപര്യ ഹര്‍ജിയിലാണ് കോടതിയുടെ നിർണായക നിരീക്ഷണം

Author : ന്യൂസ് ഡെസ്ക്

രാജ്യത്തെ ജയിലുകളില്‍ കടുത്ത ജാതിവിവേചനം നിലനില്‍ക്കുന്നുവെന്ന മാധ്യമ റിപ്പോർട്ടില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതി. ജയില്‍ ചട്ടങ്ങളിലടക്കം നിലനില്‍ക്കുന്ന വിവേചനപരമായ പരാമർശങ്ങളില്‍ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വെെ ചന്ദ്രചൂഢ് വ്യക്തമാക്കി. ഇത് ഞെട്ടിക്കുന്ന കണ്ടെത്തലാണെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.

മാധ്യമപ്രവര്‍ത്തക സുകന്യ ശാന്ത നല്‍കിയ പൊതു താൽപര്യ ഹര്‍ജിയിലാണ് കോടതിയുടെ നിർണായക നിരീക്ഷണം. രാജ്യത്ത് ജയില്‍ ചട്ടങ്ങളിലടക്കം പച്ചയായ ജാതിവിവേചനമുണ്ടെന്ന കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് പറഞ്ഞു. ജയില്‍ ജോലികളില്‍ ജാതിപരമായ തിരിവുകള്‍ക്ക് നിയമപരമായ വിലക്ക് നിലനില്‍ക്കെ, 'തോട്ടിപ്പണി ചെയ്യുന്ന വിഭാഗം' എന്ന് ജയില്‍ ചട്ടങ്ങളില്‍ പരാമര്‍ശിക്കുന്നത് തീര്‍ത്തും ലജ്ജാകരമാണെന്ന് കോടതി പരാമർശിച്ചു. ഇത്തരത്തിലുള്ള നടപടികൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യാനും ബെഞ്ച് നിര്‍ദേശിച്ചു.

ആദിവാസി, നാടോടി വിഭാഗങ്ങളടങ്ങുന്ന അടിസ്ഥാന വിഭാഗങ്ങളിലെ തടവുകാർ ജയിലില്‍ വിവേചനം നേരിടുന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് ജയില്‍ ചട്ടങ്ങളും മറ്റും ഭേദഗതി ചെയ്യുന്നതും ജാതി വിവേചനം ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യക്ഷമമായ മാനുവല്‍ രൂപീകരിക്കാനുമായി പ്രത്യേക നോഡല്‍ ഓഫീസറെ നിയമിക്കാന്‍ കേന്ദ്രത്തോട് ബെഞ്ച് ആവശ്യപ്പെട്ടത്.

ഈ വർഷമാദ്യം കോടതിക്ക് മുന്നിലെത്തിയ ഹർജിയില്‍ പ്രതികരിക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രത്തോടും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരളം ഉള്‍പ്പടെ ഭൂരിഭാഗം സംസ്ഥാനങ്ങളും, കേന്ദ്രവും ഇതുവരെ മറുപടി അയച്ചിട്ടില്ല.

SCROLL FOR NEXT