NEWSROOM

ഏഷ്യാ കപ്പില്‍ ഇന്ത്യയെ 43 റൺസിന് തോൽപ്പിച്ച് പാകിസ്ഥാൻ; നീലപ്പടയെ തച്ചുടച്ച് ഷഹ്സൈബ് ഖാൻ

147 പന്തില്‍ 159 റണ്‍സടിച്ച ഷഹ്സൈബ് ഖാനാണ് മത്സരം ഇന്ത്യയിൽ നിന്ന് തട്ടിയെടുത്തത്. ഇന്ത്യക്കായി സമര്‍ത്ഥ് നാഗരാജ് മൂന്നും ആയുഷ് മാത്രെ രണ്ടും വിക്കറ്റും വീഴ്ത്തി

Author : ന്യൂസ് ഡെസ്ക്


അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യയെ 43 റൺസിന് തോൽപ്പിച്ച് പാകിസ്ഥാൻ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഓപ്പണര്‍ ഷഹ്സൈബ് ഖാന്‍റെ (159) സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സെടുത്തു. 147 പന്തില്‍ 159 റണ്‍സടിച്ച ഷഹ്സൈബ് ഖാനാണ് മത്സരം ഇന്ത്യയിൽ നിന്ന് തട്ടിയെടുത്തത്. ഇന്ത്യക്കായി സമര്‍ത്ഥ് നാഗരാജ് മൂന്നും ആയുഷ് മാത്രെ രണ്ടും വിക്കറ്റും വീഴ്ത്തി.

മറുപടിയായി ഇന്ത്യൻ യുവനിരയ്ക്ക് 47.1 ഓവറിൽ 238 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മൂന്ന് വിക്കറ്റെടുത്ത അലി റാസയും രണ്ട് വീതം വിക്കറ്റെടുത്ത അബ്ദുൾ സുബാനും ഫഹാം ഉൾഹഖും ചേർന്ന് ഇന്ത്യൻ ബാറ്റർമാരെ റൺസെടുക്കാൻ അനുവദിക്കാതെ വരിഞ്ഞുമുറുക്കി. നിഖിൽ കുമാർ (67), മുഹമ്മദ് ഇനാൻ (30), ഹർവംശ് സിങ് (26) എന്നിവർക്ക് മാത്രമെ അൽപ്പമെങ്കിലും തിളങ്ങാനായുള്ളൂ.

ടോസ് നേടി ക്രീസിലിറങ്ങിയ പാകിസ്ഥാന് ഓപ്പണര്‍മാരായ ഉസ്മാന്‍ ഖാനും ഷഹ്സൈബ് ഖാനും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 30.4 ഓവറില്‍ 160 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് വേര്‍പിരിഞ്ഞത്. 94 പന്തില്‍ 60 റണ്‍സെടുത്ത ഉസ്മാന്‍ ഖാനെ പുറത്താക്കിയ ആയുഷ് മാത്രെയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

SCROLL FOR NEXT