ഡല്‍ഹി കോച്ചിങ് സെന്ററില്‍ മലയാളി വിദ്യാര്‍ഥിയടക്കം മൂന്ന് പേര്‍ മുങ്ങി മരിച്ച സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റിലായി. കെട്ടിട ഉടമയും കോച്ചിങ് സെന്റര്‍ കോര്‍ഡിനേറ്ററും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. അറസ്റ്റിലായവരില്‍ സംഭവ സമയത്ത് കെട്ടിടത്തിന് മുന്നില്‍ കണ്ട കറുത്ത വാഹനത്തിന്റെ ഡ്രൈവറും ഉള്‍പ്പെടുന്നു. കെട്ടിടത്തിന്റെ ഗേറ്റ് തകരാന്‍ കാരണം ഈ വാഹനമാണ്. വാഹനം ഥാര്‍ ആണെന്നായിരുന്നു നേരത്തേ കരുതിയിരുന്നത്. എന്നാല്‍, ഫോഴ്‌സ് ഗൂര്‍ഖയാണെന്ന് പൊലീസ് അറിയിച്ചു.
ഡല്‍ഹിയിലെ റാവൂസ് ഐഎഎസ് സ്റ്റഡി സർക്കിളിൽ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ ഓരോ നിലയും വ്യത്യസ്ത വ്യക്തികളുടെ ഉടമസ്ഥതയിലാണ്. ബേസ്‌മെന്റ് ഉടമയടക്കം ഏഴ് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മനപൂര്‍വമല്ലാത്ത നരഹത്യയടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ അനധികൃതമായാണ് ലൈബ്രറി പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് കണ്ടെത്തല്‍. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ലൈബ്രറിയില്‍ ഉണ്ടായിരുന്നില്ല. അകത്തേക്കും പുറത്തേക്കുമായി ബയോമെട്രിക് സംവിധാനമുള്ള ഒരു വാതില്‍ മാത്രമാണ് ഉണ്ടായിരുന്നത്. വെള്ളം കയറിയതോടെ ഇത് ലോക്ക് ആയതോടെ വിദ്യാര്‍ഥികള്‍ക്ക് പുറത്ത് കടക്കാനായില്ല.
Also Read:
ഡല്‍ഹി കരോള്‍ബാഗില്‍ കഴിഞ്ഞ ദിവസമുണ്ടായ മഴയിലാണ് റാവൂസ് ഐഎഎസ് സ്റ്റഡി സര്‍ക്കിളിനുള്ളില്‍ വെള്ളം കയറിയത്. ശക്തമായ മഴയില്‍ റോഡിലൂടെ ഒലിച്ചെത്തിയ വെള്ളം കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു. മുപ്പതോളം വിദ്യാര്‍ഥികള്‍ ഈ സമയം ലൈബ്രറിക്കുള്ളില്‍ ഉണ്ടായിരുന്നു.
എറണാകുളം സ്വദേശി നെവിന്‍ ഡാല്‍വിന്‍ അടക്കം മൂന്ന് പേരാണ് ദുരന്തത്തില്‍ മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം നെവിന്റെ മൃതദേഹം ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ തിരുവനന്തപുരത്ത് എത്തിക്കും. തിരുമല തച്ചോട്ടുകാവ് താന്നിവിള വീട്ടില്‍ പൊതുദര്‍ശനത്തിനു ശേഷമായിരിക്കും സംസ്‌കാരം.