കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാല് വയസുകാരൻ മരിച്ച സംഭവത്തിൽ വകുപ്പുതല നടപടിയുമായി വനംവകുപ്പ്. ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ചുമതലയുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ. അനിൽകുമാറിനെ സസ്പെൻഡ് ചെയ്തു. നാല് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്കും സസ്പെന്‍ഷനുണ്ട്. ഡിഎഫ്ഒ റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നിവരെ സ്ഥലം മാറ്റും. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായെന്നും സ്ഥലത്തെ സുരക്ഷാ ക്രമീകരണങ്ങൾ ഉദ്യോഗസ്ഥർ വിലയിരുത്തിയില്ലെന്നുമാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍.
കടമ്പനാട് സ്വദേശി അഭിരാമാണ് അമ്മയുടെ കൺമുന്നിൽ വെച്ച് കോൺക്രീറ്റ് തൂൺ ഇളകിവീണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. ബന്ധുക്കളോടൊപ്പം അവധി ദിവസം ആഘോഷിക്കാനായാണ് അഭിരാം ആനക്കൂട്ടിൽ എത്തിയത്. അമ്മ പറഞ്ഞതനുസരിച്ച് അഭിരാം തൂണിനടുത്തേക്ക് ഫോട്ടോയെടുക്കാനായി നിന്നു. അമ്മ ഫോട്ടോ എടുക്കുന്നതിനിടെയാണ് തൂൺ ഇളകി വീണത്. അഭിരാം തൂണിൽ ചുറ്റിപിടിച്ചതിന് പിന്നാലെ നാലടിയോളം നീളമുള്ള തൂൺ മറിഞ്ഞ് അഭിരാമിന്റെ തലയിലും ദേഹത്തുമായി വീണു. ഉടൻ കോന്നി താലൂക്ക് ആശുപത്രിയിലും തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പത്തുവർഷം മുൻപാണ് ഫെൻസിങ് സ്ഥാപിക്കുന്നതിനായി തൂണുകൾ കുഴിച്ചിട്ടത്. കാലപ്പഴക്കം കൊണ്ട് കോൺക്രീറ്റിന് ബലക്ഷയം സംഭവിക്കുകയും മണ്ണ് ഒലിച്ചുപോവുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ ഓഫീസ് അറിയിച്ചിരുന്നു. ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്ററിൽ നിന്നും അടിയന്തര റിപ്പോർട്ടും തേടി.
ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നായിരുന്നു ഡിഎഫ്ഒയുടെ റിപ്പോർട്ടിലെ പ്രാഥമിക വിലയിരുത്തൽ. ഡിഎഫ്ഒയുടെ റിപ്പോർട്ട് ഇന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് കൈമാറും. തിങ്കളാഴ്ചയാണ് അന്തിമ റിപ്പോർട്ട് വനംമന്ത്രിക്ക് നൽകുക. അതേസമയം അപകടത്തിൽ മരിച്ച നാല് വയസ്സുകാരൻ അഭിരാമിന്റെ സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും.