സംസ്ഥാനത്ത് ഇന്ന് വാഹനാപകടങ്ങളിൽ രണ്ട് മരണം. ഒരാൾക്ക് പരുക്ക്. കോഴിക്കോടും പന്നിയങ്കര ടോൾപ്ലാസയ്ക്ക് സമീപവും ഉണ്ടായ അപകടത്തിലാണ് രണ്ട് പേർ മരിച്ചത്.
കോഴിക്കോട്, ചെറൂപ്പ - കുട്ടായി ബിൽഡിങ്ങിന് സമീപമാണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം ഉണ്ടായത്. പെരുവയൽ സ്വദേശി അബിനാണ് മരിച്ചത്. ബൈക്ക് തെന്നി വീണപ്പോൾ എതിരെ വന്ന ബൈക്കിൽ തലയിടിച്ചാണ് അബിൻ മരിച്ചത്. പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപമുണ്ടായ അപകടത്തിലും ബൈക്ക് യാത്രികനാണ് മരിച്ചത്. തേൻകുറിശ്ശി സ്വദേശി ഉണ്ണികൃഷ്ണനാണ് മരിച്ചത്. ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചതിനെ തുടർന്ന് ഉണ്ണികൃഷ്ണൻ റോഡിലേക്ക് തെറിച്ചു വീഴുകയും തുടർന്ന് ലോറിയുടെ ചക്രം ഉണ്ണികൃഷ്ണൻ്റെ തലയിലൂടെ കയറിയിറങ്ങുകയും ചെയ്തു. അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനത്തെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
പാലക്കാട് തൃത്താലയിലാണ് മറ്റൊരു അപകടമുണ്ടായത്. ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരുക്കേറ്റു. കിഴക്കേ കോടനാട് സ്വദേശി മുഹമ്മദ് ഷാമിലിനാണ് പരുക്കേറ്റത്. മുഹമ്മദ് ഷാമിലിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.