മുന്‍ ഇറാന്‍ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സിയുടെ മരണകാരണം സ്ഥീരികരിച്ച് ഇറാൻ. അപകടത്തിൻ്റെ കാരണം മോശം കാലാവസ്ഥ തന്നെയാണെന്നാണ് ഇറാനിയൻ സൈന്യത്തിൻ്റെ അന്തിമ റിപ്പോർട്ട്. മെയ് 19 നാണ് ഇബ്രാഹിം റെയ്സിയും ഏഴ് പേരടങ്ങിയ സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നത്.
റെയ്സിയുടെ അപകടത്തില്‍ മറ്റു അട്ടിമറികൾ നടന്നതിൻ്റെ ലക്ഷണങ്ങൾ ഇല്ലെന്നാണ് അധികൃതർ സ്ഥിരീകരിച്ചിരിക്കുന്നത്. ഹെലികോപ്റ്റർ അപകടത്തില്‍ അന്വേഷണം നടത്തിയ പ്രത്യേക സൈനിക ബോർഡിന്‍റെയാണ് കണ്ടെത്തല്‍. ബോർഡിന്‍റെ റിപ്പോർട്ട് പ്രകാരം പെട്ടന്നുണ്ടായ മൂടല്‍മഞ്ഞിന്‍റെ ആവിർഭാവമാണ് ഹെലികോപ്റ്റർ മലയില്‍ ഇടിച്ച് തകരുന്നതിന് കാരണമായത്. ഇറാന്‍ ഇന്‍റലിജന്‍സ് വിഭാഗവും സമാനമായ നിരീക്ഷണമാണ് നടത്തിയത്. പക്ഷെ, സുരക്ഷാ പ്രോട്ടോക്കോളുകൾക്ക് വിരുദ്ധമായി രണ്ട് അധിക യാത്രക്കാർ ഹെലികോപ്റ്ററില്‍ കയറിയതാണ് അപകട കാരണമെന്ന് ഇറാനിലെ ഫാർസ് വാർത്താ ഏജന്‍സി പറഞ്ഞിരുന്നു. എന്നാല്‍, ഇറാന്‍ സൈന്യം ഈ വാദം തള്ളിക്കളഞ്ഞു.
അധികാരത്തിലിരിക്കെ മരിക്കുന്ന രണ്ടാമത്തെ ഇറാന്‍ പ്രസിഡൻ്റാണ് ഇബ്രാഹിം റെയ്സി. അപകടത്തില്‍ റെയ്സിക്കൊപ്പം വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീർ അബ്ദുള്ളയും മരിച്ചിരുന്നു.