കോഴികളെ വളർത്തുന്നവർ നിരവധിയാണ്. മുട്ട തരും എന്നതുകൊണ്ടു തന്നെ പെറ്റായി മാത്രമല്ല വരുമാന മാർഗമായും കോഴികളെ വളർത്താവുന്നതാണ്. വലിയ ഫാമുകളിൽ മാത്രമല്ല വീടുകളിലും കോഴിക്കൃഷി നടത്തുവർ ഒരുപാടുണ്ട്. പുറത്തു നിന്നും കോഴികളെ അധികം വാങ്ങാതെ. വീട്ടിൽ തന്നെ മുട്ട അടവച്ച് വിരിയിച്ച് കോഴിക്കുഞ്ഞുങ്ങളെ ഉണ്ടാക്കുകയാണ് പതിവ്. അല്ലെങ്കിൽ മെഷീൻ ഉപയോഗിച്ചും കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കാം. അങ്ങനെ പുറത്തുവരുന്ന കുഞ്ഞുങ്ങളെ പ്രത്യേകം പരിപാലിക്കേണ്ടതും ആവശ്യമാണ്.
അത്തരത്തിൽ ഒരു പരിപാലന ശ്രമം പാളിപ്പോയ വാർത്തയാണ് ഇപ്പോൾ ചൈനയിൽ നിന്നും പുറത്തുവന്നിരിക്കുന്നത്. ആറ്റുനോറ്റ് വിരിയിച്ചെടുത്ത കോഴിക്കുഞ്ഞിന് അൽപം ചൂട് പകരാൻ ശ്രമിച്ചതാണ് . പക്ഷെ ചൂട് അൽപം കൂടിപ്പോയീന്നു മാത്രമല്ല, കോഴിക്കുഞ്ഞ് ചൂടിൽ വെന്തെരിഞ്ഞു പോയി. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഹാങ്‌ഷൗവിലുള്ള യാങ് എന്ന സ്ത്രീ ഇൻകുബേഷൻ മെഷീൻ ഉപയോഗിച്ച് കോഴിക്കുഞ്ഞിനെ വിരിയിച്ചെടുത്തു. കോഴിക്കുഞ്ഞിന് ആവശ്യത്തിന് ചൂട് നൽകാൻ അവർ നടത്തിയ ശ്രമമാണ് വിനയായയത്.
വലിയ ഹീറ്റിംഗ് ലാമ്പിനു താഴെ കൂട്ടിലാക്കിയാണ് കോഴിക്കുഞ്ഞിനെ വച്ചത് . പിന്നീട് ചൂട് കുറയാതിരിക്കാൻ ഒരു തൂവാലകൊണ്ട് മൂടിയിടുകയും ചെയ്തു. എന്നാൽ സംഗതി പാളിപ്പോയി. അരമണിക്കൂറിനു ശേഷം ഒരു കരിഞ്ഞ ഗന്ധം ശ്രദ്ധിച്ച യാങ് ഓടി വന്നു നോക്കുമ്പോഴാണ് നടുങ്ങിയത്. കൂട്ടിലെ കോഴിക്കുഞ്ഞ് കരിഞ്ഞ നിലയിലായിരുന്നു. ചൂട് കൂടിയതോടെ ഹീറ്റ് ലാമ്പിന് തീ പിടിക്കുകയായിരുന്നു. അതോടെ പാവം കോഴിക്കുഞ്ഞ് കത്തിക്കരിഞ്ഞു പോയി.
സംഭവത്തിനു ശേഷം ആകെ നിരാശയിലായ യാങ് വീണ്ടും മുട്ടകൾ വാങ്ങി കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചെടുത്ത് വളർത്തുമെന്ന ശപഥം എടുത്തിരിക്കുകാണ്. ഇനിയൊരു അബദ്ധം പറ്റാതെ അവയെ പരിപാലിക്കുമെന്നും യാങ് പറയുന്നു.
ഇത്തരത്തിൽ ഹീറ്റ് ലാമ്പ് അപകടങ്ങൾ പലതവണയായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ ജനുവരിയിൽ ടെക്സാസിലെ വിവിധ ഇടങ്ങളിൽ ഹീറ്റ് ലാമ്പിന് തീപിടിച്ച് അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.കനത്ത മഞ്ഞില്‍ ഹീറ്റ് ലാമ്പുകൾ കത്തിച്ച് വച്ചതിനെ തുടര്‍ന്ന് 48 മണിക്കൂറിനിടെ മൂന്നിടത്താണ് തീ പടര്‍ന്നത്. അപകടങ്ങളിൽ നിരവധി മൃഗങ്ങൾ ചത്തൊടുങ്ങുകയും. വസ്തുവകകൾക്ക് നാശം സംഭവിക്കുകയും ചെയ്തു.ഒരു കോഴിഫാമിൽ ഹീറ്റ് ലാമ്പിൽ നിന്ന് തീ പടർന്ന് പിടിച്ച് കോഴികളെല്ലാം കത്തിയമർന്നു.
ഹ്യൂബർ റോഡിലെ ഗാരേജിൽ തീപിടുത്തത്തിൽ കാർ പൂർണമായും കത്തിയെരിഞ്ഞു, സമീപത്തെ മറ്റൊരു വാഹനവും കത്തിയിരുന്നു. രണ്ട് നായ്ക്കൾക്ക് ചൂട് ലഭിക്കാൻ ഉപയോഗിച്ച ഹീറ്റ് ലാമ്പ് കത്തിയാണ് അപകമുണ്ടായതെന്നാണ് നിഗമനം. രണ്ട് നായകളും തീ പിടിത്തത്തിൽ പൊള്ളലേറ്റ് ചത്തു.
വെബർ റോഡിലെ രണ്ട് നിലകളുള്ള വീടിന് തീപിടിച്ച്. വീടിൻ്റെ ഒരു വശം പൂർണമായും കത്തിനശിച്ചിരുന്നു. വീട്ടുടമസ്ഥൻ്റെ രണ്ട് നായ്ക്കളെ രക്ഷിച്ചെങ്കിലും മൂന്നാമത്തേത് ദാരുണമായി കൊല്ലപ്പെട്ടു. ഹീറ്റ് ലാമ്പാണ് തീപിടിത്തത്തിന് കാരണമെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.