NEWSROOM

കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയിലെ സാമ്പത്തിക തട്ടിപ്പ് കേസ്; മുന്‍കൂര്‍ ജാമ്യത്തിനായി പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു

സംഘാടകരായ മൃദംഗ വിഷന്‍ എംഡി എം. നിഗോഷ് കുമാര്‍, സിഇഒ ഷമീര്‍ അബ്ദുല്‍ റഹീം, നാലാം പ്രതിയും നിഗോഷ് കുമാറിന്റെ ഭാര്യയുമായ മിനി എന്നിവരാണ് ഹർജി നൽകിയത്

Author : ന്യൂസ് ഡെസ്ക്


ഉമ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ട നൃത്ത പരിപാടിയുടെ പേരിൽ റജിസ്റ്റര്‍ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. മൂന്ന് പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചത്. സംഘാടകരായ മൃദംഗ വിഷന്‍ എംഡി എം. നിഗോഷ് കുമാര്‍, സിഇഒ ഷമീര്‍ അബ്ദുല്‍ റഹീം, നാലാം പ്രതിയും നിഗോഷ് കുമാറിന്റെ ഭാര്യയുമായ മിനി എന്നിവരാണ് ഹർജി നൽകിയത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ അവധിക്കാല സിംഗിള്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. പാലാരിവട്ടം പൊലീസ് റജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസില്‍ സാമ്പത്തിക തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് മൂന്ന് പ്രതികള്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. സ്റ്റേഡിയം അപകട കേസില്‍ എം. നിഗോഷ് കുമാര്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഈ സാഹചര്യത്തില്‍ സാമ്പത്തിക തട്ടിപ്പ് കേസിലെ അറസ്റ്റും പാലാരിവട്ടം പൊലീസ് രേഖപ്പെടുത്തിയക്കും.

അതേസമയം, സാമ്പത്തിക തട്ടിപ്പിൽ, എംഡി നിഗോഷ് കുമാറിന്റെ മൊഴിയുടെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടു. പരിപാടിക്കായി ലഭിച്ച പണം പലർക്കായി വീതിച്ച് നൽകിയെന്നും ലഭിച്ച നാല് കോടിയോളം രൂപയിൽ തുച്ഛമായ തുക മാത്രമാണ് തൻ്റെ പക്കലുള്ളതെന്നും നിഗോഷ് പറഞ്ഞു. ദിവ്യ ഉണ്ണിക്കും, സുഹൃത്ത് പൂർണിമയ്ക്കും, സിജോയ് വർഗീസിനും വിഹിതം നൽകി.

ജിസിഡിഎയുടെ സ്റ്റേഡിയം തരപ്പെടുത്തി തന്ന കൃഷ്ണകുമാറും നല്ലൊരു തുക കമ്മീഷനായി കൈപ്പറ്റിയെന്നും നിഗോഷ് കുമാർ പൊലീസിൽ മൊഴിനൽകിയിട്ടുണ്ട്. കഴിഞ്ഞ ​ദിവസമാണ് നി​ഗോഷ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് ഇയാളെ കോടതിയിൽ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുകളാണ് ഇയാൾക്കുമേൽ ചുമത്തിയിരിക്കുന്നത്.


SCROLL FOR NEXT