NEWSROOM

മംഗാലാപുരത്തെ ഓട്ടോ ഡ്രൈവറുടെ കൊലപാതകം: പ്രതി അഭിഷേക് ഷെട്ടി പിടിയിൽ

മുമ്പ് യാത്രയ്ക്കിടെ സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഷരീഫുമായി പ്രതി പ്രശ്നമുണ്ടാക്കിയിരുന്നു. സമാന സംഭവങ്ങൾ ആവർത്തിച്ചതോടെ അഭിഷേകിന് ജോലി നഷ്ടമായി

Author : ന്യൂസ് ഡെസ്ക്

മംഗലാപുരം സ്വദേശിയായ ഓട്ടോ ഡ്രൈവർ മുഹമ്മദ് ഷരീഫിൻ്റെ കൊലപാതകത്തിൽ പ്രതി പിടിയിൽ. മംഗലാപുരം സ്വദേശിയായ അഭിഷേക് ഷെട്ടിയാണ് പിടിയിലായത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.

വ്യാഴാഴ്ചയാണ് മഞ്ചേശ്വരം കുഞ്ചത്തൂർ അടുക്കയിലെ ആളൊഴിഞ്ഞ പറമ്പിൽ, ഓട്ടോറിക്ഷയും കിണറ്റിൽ മൃതദേഹവും കണ്ടെത്തിയത്. മൃതദേഹം ഓട്ടോ ഡ്രൈവറായ മുഹമ്മദ് ഷെരീഫിൻ്റേതാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിൽ ഷെരീഫ് കൊല്ലപ്പെട്ടതാണെന്നും കണ്ടെത്തി.


കേസെടുത്ത് അന്വേഷണം നടത്തിയ മഞ്ചേശ്വരം പൊലീസാണ് മംഗലാപുരം സ്വദേശിയായ അഭിഷേക് ഷെട്ടിയെ അറസ്റ്റ് ചെയ്തത്. മംഗലാപുരത്തെ റയാൻ ഇൻ്റർനാഷണൽ സ്‌കൂളിലെ ബസ് ഡ്രൈവറായിരുന്നു അഭിഷേക്. മുമ്പ് യാത്രയ്ക്കിടെ സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഷരീഫുമായി പ്രതി പ്രശ്നമുണ്ടാക്കിയിരുന്നു. സമാന സംഭവങ്ങൾ ആവർത്തിച്ചതോടെ അഭിഷേകിന് ജോലി നഷ്ടമായി. ഇതാണ് വൈരാഗ്യത്തിന് കാരണമായത്.

ബുധനാഴ്ച രാത്രി മുഹമ്മദ് ഷരീഫിൻ്റെ ഓട്ടോ വിളിച്ച അഭിഷേക് മുമ്പ് പല തവണ പോയിട്ടുള്ള അടുക്കയിൽ എത്തിച്ച് ഷെരീഫിനെ കൊലപ്പെടുത്തുകയായിരുന്നു. ആദ്യം പിന്നിൽ നിന്ന് കുത്തുകയും ഷെരീഫ് ഓടാൻ ശ്രമിച്ചപ്പോൾ പുറകിൽ നിന്ന് വെട്ടുകയും ചെയ്തു. മരണം ഉറപ്പാക്കിയ ശേഷമാണ് കിണറ്റിൽ തള്ളിയത്.


പ്രതി നിരന്തരം ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ് ഉൾപ്പെടെ കടത്തിയ കേസിൽ പ്രതിയാണ് അഭിഷേക്. കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

SCROLL FOR NEXT