കണ്ണൂരിലെ ജ്വല്ലറിയിൽ കവർച്ച നടത്തിയ മോഷ്ടാവിനെ നേപ്പാൾ അതിർത്തിയിലെത്തി പിടികൂടി കണ്ണൂർ ടൗൺ പൊലീസ്. ബീഹാർ സ്വദേശി ധർമേന്ദ്ര സിങ്ങിനെയാണ് നേപ്പാൾ - ബീഹാർ അതിർത്തിയിയായ കഗാരിയിൽ നിന്ന് പിടികൂടിയത്.
കണ്ണൂർ സ്ക്വാഡ് വെറും സിനിമാക്കഥയല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് കണ്ണൂർ ടൗൺ പൊലീസ്. നഗരത്തിലെ ജ്വല്ലറിയിൽ കവർച്ച നടത്തി നാട്ടിലേക്ക് കടന്ന ബീഹാർ സ്വദേശിയെ മോഷ്ടാവിൻ്റെ നാട്ടിലെത്തിയാണ് കണ്ണൂർ പൊലീസ് പിടികൂടിയത്. താവക്കരയിലെ അർഷിത് ജ്വല്ലറിയിൽ 2022 ലാണ് മോഷണം നടന്നത്. രണ്ട് വർഷങ്ങൾക്ക് ശേഷം 2024 ജൂണിൽ മോഷ്ടാവ് ഇതേ ജ്വല്ലറിയിൽ വീണ്ടും എത്തി. എന്നാൽ പട്രോളിംഗിനെത്തിയ പൊലീസ് സംഘത്തെ കണ്ടതോടെ ശ്രമം ഉപേക്ഷിച്ച് മടങ്ങി. എങ്കിലും മാസ്ക് ധരിച്ച മോഷ്ടാവിൻ്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. 2022 ൽ ലഭിച്ച ഫിംഗർ പ്രിൻ്റും 2024 ലെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടർന്നു. ഒടുവിൽ ഇത് ഒരാൾ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെയാണ് അന്വേഷണം ധർമേന്ദ്ര സിങ്ങിൽ എത്തിയത്.
വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ധർമേന്ദ്ര സിങ്. പല സംസ്ഥാനങ്ങളിലും ഇയാളുടെ പേരിൽ കേസുകളുണ്ട്. വെള്ളി മാത്രമേ മോഷ്ടിക്കു എന്നതാണ് ധർമേന്ദ്രയുടെ പ്രത്യേകത. നേപ്പാൾ-ബീഹാർ അതിർത്തിയിലൂടെ ബസിൽ യാത്ര ചെയ്യുന്നതിന് ഇടയിലാണ് ധർമേന്ദ്ര സിംഗ് കേരള പൊലീസിൻ്റെ പിടിയിലായത്. ഇയാളുടെ പിന്നിൽ വൻ സംഘമുണ്ടെന്നും പൊലീസ് സംശയിക്കുന്നു. ടൗൺ സിഐ ശ്രീജിത്ത് കോടേരിയുടെ മേൽനോട്ടത്തിൽ എസ്ഐമാരായ രാജീവൻ, എം. അജയൻ, എഎസ്ഐ സി. രഞ്ജിത്ത് , നിധീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.