NEWSROOM

18 വര്‍ഷം മുന്‍പുള്ള കൂട്ടബലാത്സംഗക്കേസില്‍ പ്രതികള്‍ക്ക് 25 വര്‍ഷം തടവ്

2006 സെപ്റ്റംബര്‍ 29നായിരുന്നു കേസിനാസ്പദമായ സംഭവം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിയായ യുവതിയെ 18 വര്‍ഷം മുന്‍പ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ പ്രതികള്‍ക്ക് 25 വര്‍ഷം തടവ്. 2006 സെപ്റ്റംബര്‍ 29നായിരുന്നു കേസിനാസ്പദമായ സംഭവം. വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തി കടപ്പുറത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വെട്ടൂർ സ്വദേശികളായ ഷാജഹാൻ, നൗഷാദ്, വക്കം സ്വദേശികളായ ഉണ്ണിക്കൃഷ്ണൻ, ജ്യോതി പെരുംകുളം സ്വദേശി റഹീം എന്നിവരാണ് പ്രതികൾ. ഇതിൽ ഉണ്ണികൃഷ്ണൻ വിചാരണക്കിടെ മരിച്ചു. തടവിന് പുറമെ 4,35000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. വര്‍ക്കല ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്.

കേസില്‍ അഞ്ചാം പ്രതി നെടുങ്ങണ്ടം കുന്നില്‍ വീട്ടില്‍ ഷിജു (42) വിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. പിഴത്തുകയില്‍ നിന്നും 2 ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കാനും കൂടാതെ നഷ്ടപരിഹാരം നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടിക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

17 സാക്ഷികള്‍, 26 രേഖകള്‍, 15 തൊണ്ടി മുതലുകള്‍ എന്നിവ ഉള്‍പ്പെടെ 2010 ലാണ് പൊലീസ് കോടതിയില്‍ ചാര്‍ജ് ഷീറ്റ് നല്‍കിയത്. അഞ്ചുതെങ്ങ് എസ്. ഐ ജിജി. എന്‍, കടക്കാവൂര്‍ സി. ഐ മാരായ കെ . ജയകുമാര്‍, പി. വേലായുധന്‍ നായര്‍, ബി. കെ പ്രശാന്തന്‍ , ആര്‍. അശോക് കുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. സംഭവശേഷം ഭയന്ന യുവതി വീടും സ്ഥലവും വിറ്റ് താമസം മാറി. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. ഹേമചന്ദ്രന്‍ നായര്‍, അഡ്വ ശാലിനി ജി എസ്, അഡ്വ. എസ്. ഷിബു, അഡ്വ. ഇക്ബാല്‍ എന്നിവര്‍ പ്രോസക്യൂഷന് വേണ്ടി ഹാജരായി. പ്രോസിക്യൂഷന്‍ ലൈസണ്‍ ഓഫീസര്‍ പ്രിയ. ജി . വി യും ഹാജരായി.

SCROLL FOR NEXT