പ്രതികളെ കൊച്ചിയിലെത്തിച്ചപ്പോൾ 
NEWSROOM

അലന്‍ വാക്കര്‍ ഷോയിലെ മോഷണം: പ്രതികൾ ഫോൺ കവർന്നത് രണ്ട് സംഘങ്ങളായെത്തി

ഇപ്പോൾ പിടിയിലാത് ഡൽഹി സംഘത്തിലെ വസിം അഹമ്മദ്, അത്തിഖുർ റഹ്മാൻ എന്നിവരാണെന്നും പൊലീസ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


കൊച്ചിയിൽ അലൻ വാക്കറുടെ പരിപാടിക്കിടെയുണ്ടായ മൊബൈൽ മോഷണത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ട് സംഘങ്ങളായാണ് പ്രതികൾ മൊബൈൽ മോഷണം നടത്തിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. ദില്ലിയിൽ നിന്നും മുംബൈയിൽ നിന്നുമുള്ള സംഘമാണ് മോഷണം നടത്തിയത്. ഇപ്പോൾ പിടിയിലാത് ഡൽഹി സംഘത്തിലെ വസിം അഹമ്മദ്, അത്തിഖുർ റഹ്മാൻ എന്നിവരാണെന്നും പൊലീസ് പറഞ്ഞു. പ്രതികളെ കൊച്ചിയിലെത്തിച്ച ശേഷമായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രതികരണം.

ഇന്ന് രാവിലെയാണ് ഡിജെ അലൻ വാക്കറുടെ സംഗീതനിശയ്ക്കിടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിലെ പ്രതികളെ കൊച്ചിയിലെത്തിച്ചത്. ഡൽഹിയിലെ ചോർ ബസാറിൽ നിന്ന് പിടികൂടിയ മൂന്ന് പ്രതികളെയാണ് ഇപ്പോൾ കൊച്ചിയിൽ എത്തിച്ചിരിക്കുന്നത്. ഇവരിൽ നിന്ന് മൊബൈൽ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്.

ഈ മാസം ആറിനാണ് കൊച്ചി ബോൾഗാട്ടി പാലസിൽ അലൻ വാക്കറുടെ പരിപാടി നടന്നത്. 5000 ത്തിലേറെ പേർ പങ്കെടുത്ത സംഗീതനിശയിൽ കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷ ഒരുക്കിയിരുന്നു. പരിപാടി നടക്കുന്ന സ്ഥലങ്ങളിൽ സിസിടിവി നീരിക്ഷണവും ഏർപ്പെടുത്തിയിരുന്നു. എന്നാൽ സുരക്ഷാ സംവിധാനങ്ങളെല്ലാം മറികടന്നാണ് പ്രതികൾ ഫോണുകൾ കവർന്നത്.

വില പിടിപ്പുള്ള 36 ഫോണുകളാണ് മോഷണ സംഘം കവർന്നത്. അതിൽ 21 എണ്ണം ഐഫോണുകളാണ്. വിഐപി ടിക്കറ്റിലെത്തിയ സംഘമാണ് കവർച്ചക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നഷ്ടപ്പെട്ട ഫോണുകളുടെ ഐഡികൾ ട്രാക്ക് ചെയ്ത് പോയതിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഡൽഹിയിലേക്ക് നീങ്ങിയത്. അന്വേഷണത്തിനിടെ ബെംഗളൂരുവിലും സമാനമായ മോഷണം നടന്നതായി കണ്ടെത്തിയിരുന്നു. അസ്ലം ഖാൻ ഗ്യാങ്ങാണ് ഇതിന് പിന്നിലെന്നും പൊലീസ് പറഞ്ഞിരുന്നു.

SCROLL FOR NEXT