NEWSROOM

സംവിധാനത്തേക്കാള്‍ കൂടുതല്‍ അംഗീകാരം നല്‍കുന്നത് അഭിനയം: പ്രതീപ് രംഗനാഥന്‍

നിലവില്‍ താരം ഡ്രാഗണ്‍ എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ്

Author : ന്യൂസ് ഡെസ്ക്



ലൗ ടുഡേ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ നടനും സംവിധായകനുമാണ് പ്രതീപ് രംഗനാഥന്‍. നിലവില്‍ താന്‍ സംവിധാനത്തിന് അപ്പുറത്തേക്ക് അഭിനയത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പ്രതീപ് രംഗനാഥന്‍ പറഞ്ഞു. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്. തിരക്കഥ എഴുതുന്നതിനെ കുറിച്ചും പ്രതീപ് സംസാരിച്ചു.

'എഴുത്ത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. 2019ല്‍ പുറത്തിറങ്ങിയ കോമാളി എഴുതാന്‍ എനിക്ക് ഒന്നര വര്‍ഷം വേണ്ടി വന്നു. ആ സമയത്ത് ഞാന്‍ ഐടിയില്‍ ജോലി ചെയ്യുകയായിരുന്നു. ഓരോ ദിവസവും ഞാന്‍ വീട്ടില്‍ വരും ഒരു പേജ് എഴുതും. അത് ഞാനൊരു ശീലമാക്കി. അവസാനം ഒരുപാട് മാസങ്ങള്‍ക്കും ഡ്രാഫ്റ്റുകള്‍ക്കും ശേഷം അത് പൂര്‍ത്തിയായി. എന്നാല്‍ ലൗടുഡേ എഴുതി തീര്‍ത്തത് ഒരു വര്‍ഷം കൊണ്ടാണ്. കൊവിഡിന് നന്ദി', എന്നാണ് പ്രതീപ് പറഞ്ഞത്.

'ഞാന്‍ ഇപ്പോള്‍ എഴുതി കൊണ്ടിരിക്കുന്ന സിനിമ എഴുതാന്‍ ഏകദേശം രണ്ട് വര്‍ഷമെടുത്തു. ഇപ്പോള്‍ ഇന്റര്‍വെല്‍ ബ്ലോക്ക് ആയിട്ടേയുള്ളൂ. എനിക്കിപ്പോള്‍ നടന്‍ എന്ന നിലയില്‍ വലിയ ഗുണം ലഭിക്കുന്നുണ്ട്. ഞാന്‍ അത് ഉപയോഗപ്പെടുത്തുകയാണ്. സംവിധാനത്തേക്കാള്‍ എനിക്ക് അംഗീകാരം ലഭിക്കുന്നത് അഭിനയത്തിലാണ്. അതെനിക്ക് ഇഷ്ടവുമാണ്', പ്രതീപ് കൂട്ടിച്ചേര്‍ത്തു.

നിലവില്‍ താരം ഡ്രാഗണ്‍ എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ്. 'പ്രേക്ഷകര്‍ എന്നോട് കാണിക്കുന്ന സ്‌നേഹം എനിക്ക് ഇഷ്ടമാണ്. അവര്‍ സംവിധായകന് വേണ്ടി ശബ്ദമുണ്ടാക്കുന്നത് സിനിമയുടെ അവസാനം മാത്രമാണ്. എന്നാല്‍ അഭിനേതാക്കളെ ഓരോ ഫ്രെയിമിലും അവര്‍ ആവേശത്തോടെ ആര്‍ത്ത് വിളിക്കും. നടന്‍ ആവുക എന്നത് ഒരു അനുഗ്രഹമാണ്', താരം പറഞ്ഞു.

ഫെബ്രുവരി 21നാണ് പ്രതീപ് രംഗനാഥന്‍ നായകനായ ഡ്രാഗണ്‍ തിയേറ്ററിലെത്തുന്നത്. അനുപമ പരമേശ്വരന്‍ നായികയായ ചിത്രത്തിന്റെ സംവിധാനം അഅശ്വത് മാരിമുത്തുവാണ്. വിഗ്നേഷ് ശിവന്റെ ലൗ ഇന്‍ഷൂറന്‍സ് കമ്പനിയാണ് റിലീസ് ചെയ്യാനിരിക്കുന്ന പ്രതീപിന്റെ മറ്റൊരു ചിത്രം. ചിത്രത്തിലെ കേന്ദ്ര കഥാപാത്രവും തിരക്കഥാകൃത്തും പ്രതീപ് തന്നെയാണ്. ലൗ ഇന്‍ഷൂറന്‍സ് കമ്പനിയൊരു സൈഫൈ റൊമാന്റിക് കോമഡിയാണ്. 2035ലാണ് സിനിമ നടക്കുന്നത്.

SCROLL FOR NEXT