NEWSROOM

വയനാട് ഉരുള്‍പൊട്ടല്‍; നഷ്ടമായ എസ്എസ്എൽസി, പ്ലസ് ടു രേഖകള്‍ ലഭ്യമാക്കാന്‍ നടപടി തുടങ്ങി

പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍

Author : ന്യൂസ് ഡെസ്ക്

വയനാട് ദുരന്തത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു രേഖകള്‍ നഷ്ടമായവര്‍ക്ക് തിരികെ ലഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായതിന്റെ വിവരങ്ങള്‍ മേപ്പാടി ഗവ. ഹൈസ്‌കൂള്‍ പ്രധാന അധ്യാപകനെ രേഖാമൂലം അറിയിക്കാം. ജില്ലാ വിദ്യാഭ്യാസ ഓഫീസ്, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കാര്യാലയം എന്നിവിടങ്ങളിലും അറിയിക്കാം. ഇതിനായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

8086983523, 9496286723, 9745424496, 9447343350, 9605386561 ഈ നമ്പരുകളിലും ബന്ധപ്പെടാം.

അതേസമയം, വയനാട് ദുരന്തവുമായി ബന്ധപ്പെട്ട വിവരശേഖരണം തദ്ദേശസ്വയംഭരണ വകുപ്പ് ആരംഭിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10,11,12 വാര്‍ഡുകളിലാണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. ഈ മേഖലയില്‍ 1,721 വീടുകളിലായി 4,833 പേര്‍ ഉണ്ടായിരുന്നതായാണ് കണക്കുകള്‍. പത്താം വാര്‍ഡായ അട്ടമലയില്‍ 601 കുടുംബങ്ങളിലായി 1,424 പേര്‍ താമസിച്ചിരുന്നു. പതിനൊന്നാം വാര്‍ഡായ മുണ്ടക്കെയില്‍ 451 കുടുംബങ്ങളിലായി 1,247 പേരും പന്ത്രണ്ടാം വാര്‍ഡായ ചൂരല്‍മലയില്‍ 671 കുടുംബങ്ങളിലെ 2162 പേരും താമസിച്ചിരുന്നു.


കാണാതായവരെക്കുറിച്ചുള്ള വിവര ശേഖരണം, പട്ടിക തയ്യാറാക്കല്‍, ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, നാശനഷ്ടങ്ങളുടെ കണക്ക് തയ്യാറാക്കല്‍, കൗണ്‍സിലര്‍മാരുടെയും മാലിന്യ പ്രവര്‍ത്തനങ്ങളുടെയും ഏകോപനം തുടങ്ങിയ വിവിധ ചുമതലകളും വകുപ്പിനുണ്ട്.






SCROLL FOR NEXT