പണ്ടാരം ഭൂമി സംബന്ധിച്ച് കേസിൽ ലക്ഷദ്വീപ് കളക്ടർ അർജുൻ മോഹൻ ഐഎഎസിനെ വിമർശിച്ച് ഹൈക്കോടതി. കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കെ പണ്ടാരം ഭൂമി സംബന്ധിച്ച് കൂടുതൽ നടപടികൾ സ്വീകരിച്ചതിനാണ് വിമർശനം. ഇത് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശം നൽകി.കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കണമെങ്കിൽ കാരണമറിയിക്കണമെന്നാണ് നിർദേശം.
പൊതു പണം ചിലവാകും എന്ന് കരുതിയിട്ടാണ് അല്ലങ്കിൽ കളക്ടറെ നേരിട്ട് വിളിച്ചുവരുത്തുമായിരുന്നുവെന്നും കോടതി മുന്നറിയിപ്പ് നൽകി. സർക്കാർ നേരത്തെ ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നൽകാത്തതിനെയും കോടതി വിമർശിച്ചു. പണ്ടാരം ഭൂമി ഏറ്റെടുക്കാൻ നേരത്തെ നൽകിയ ഉത്തരവ് ചോദ്യം ചെയ്ത് ലക്ഷദ്വീപുകാർ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനിയിലിരിക്കെയാണ് കളക്ടർ മുഴുവൻ പണ്ടാര ഭൂമിയും പിടിച്ചെടുക്കുന്നത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവേ ഹർജിക്കാർ ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഹർജിക്കാരുടെ ഭൂമി പിടിച്ചെടുക്കുന്നതിന് രണ്ട് മാസത്തേക്ക് സ്റ്റേ അനുവദിക്കുകയും ചെയ്തു. എന്നാൽ ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ ദ്വീപുകളിൽ സർവേ അടക്കമുള്ള പരിശോധന നടക്കുന്നതായി ഹർജിക്കാർ കോടതിയെ അറിയിച്ചു. തുടർന്നാണ് സ്റ്റേ ഉത്തരവ് നിലനിൽക്കെ കളക്ടർ സ്വീകരിച്ച നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത്. സ്റ്റേ നൽകിയിട്ടുള്ളവരുടെ ഭൂമി ഒഴിവാക്കി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി.
പണ്ടാരം ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവിന് പിന്നാലെ ദ്വീപിലെ പണ്ടാരം ഭൂമിയുടെ കണക്കുകൾ ലക്ഷദ്വീപ് ഭരണകൂടം പുറത്തു വിട്ടിരുന്നു . അഞ്ചു ദ്വീപുകളിലായി 576 ഹെക്ടർ പണ്ടാരം ഭൂമിയുണ്ടെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നത്. ജന്മം ഭൂമി, പണ്ടാരം ഭൂമി എന്നിങ്ങനെയുള്ള ഭൂമികളാണ് ദ്വീപിലുള്ളതെന്നും ഇതിൽ പണ്ടാരം ഭൂമി സർക്കാർ ഉടമസ്ഥതയിലുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് പിടിച്ചെടുക്കൽ നടപടി. 60 % ശതമാനം ഭൂമിയും സർക്കാരിന്‍റെതെന്നാണ് അവകാശവാദം