മുതിർന്ന നേതാവ് കെ.ഇ. ഇസ്മായിലിനെതിരെ നടപടി എടുക്കണമെന്ന് സിപിഐ പാലക്കാട് ജില്ലാ കൗൺസിലിൽ ആവശ്യം. സിപിഐ വിമതരെ അനുകൂലിച്ചുള്ള ഇസ്മായിലിന്റെ പ്രസ്താവന പാർട്ടിക്ക് തിരിച്ചടിയാകുന്നു എന്ന് വിലയിരുത്തിയാണ് ജില്ലാ കൗൺസിലിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനത്ത് നിന്ന് കെ.ഇ. ഇസ്മായിലിനെ മാറ്റണമെന്ന ആവശ്യം ഉയർന്നത്.
പാലക്കാട് നടന്ന സേവ് സിപിഐ ഫോറത്തിന് പിന്തുണ നൽകുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സിപിഐ ജില്ലാ കൗൺസിൽ ഇസ്മായിലിനെതിരെ നടപടി ആവശ്യപ്പെടുകയായിരുന്നു. സേവ് സിപിഐ ഫോറവുമായി ചർച്ച നടത്തണമെന്നും അവരെ പാർട്ടിയിലേക്ക് തിരിച്ചു കൊണ്ടുവരണമെന്നും ഇസ്മായിൽ പറഞ്ഞിരുന്നു, ഈ നിലപാടിനെ ഔദ്യോഗിക വിഭാഗം തള്ളി.
Read More: 'കസ്റ്റഡിയിലെടുത്തയാളെ ക്രൂര മർദ്ദനത്തിനിരയാക്കി'; എസ്. പി. സുജിത് ദാസിനെതിരെ ഹൈക്കോടതിയിൽ ഹർജി;
നടപടി ഇല്ലെന്ന് ജില്ലാ സെക്രട്ടറി വിശദീകരിക്കുമ്പോഴും ജില്ലാ കൗൺസിലിൽ പ്രത്യക്ഷ ക്ഷണിതാവായ ഇസ്മായിലിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. മുൻ സിപിഐ ദേശീയ കൗൺസിൽ അംഗവും മന്ത്രിയുമായിരുന്ന ഇസ്മായിലിനെതിരെയുള്ള നടപടികൾ പാലക്കാട് സിപിഐയിലുള്ള വിഭാഗീയത വർധിക്കുന്നതിന് കാരണമാകുമെന്നും വിലയിരുത്തലുണ്ട്.