ഹേമ കമ്മിറ്റി റിപ്പോർട്ടിലും സിനിമ കോൺക്ലേവിലും സർക്കാരിനെ വിമർശിച്ച് നടനും സംവിധായകനുമായി ജോയ് മാത്യു. സിനിമാ കോൺക്ലേവ് നടത്താനുള്ള തീരുമാനം അസംബന്ധമാണ്. അതിൽ വിശ്വാസമില്ല. ആളുകളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണ് കോൺക്ലേവ്. സർക്കാരിന്റെ അലംഭാവം റിപ്പോർട്ടിന്റെ പോസിറ്റിവിറ്റിയെ ബാധിച്ചു. റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ എന്തു കൊണ്ട് താമസിച്ചു എന്നത് ഒരു ചോദ്യമാണ്. റിപ്പോർട്ട് ഡബ്ല്യു.സി.സിയുടെ വിജയമാണെന്നും ജോയ് മാത്യു ന്യൂസ് മലയാളത്തോട് പറഞ്ഞു.
ALSO READ: സിദ്ദീഖിന്റെ വാദം തള്ളി ജഗദീഷ്; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ ചൊല്ലി AMMA യില്‍ പരസ്യ ഭിന്നത
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. സർക്കാരിന് ഇതിൽ ഒളിച്ചുവെക്കേണ്ട ഒരു കാര്യവും ഇല്ല. സർക്കാരിന്റെ നയം വളരെ വ്യക്തമാണ്. അത് മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും വളരെ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്നുമാണ് എം.വി ഗോവിന്ദൻ പറഞ്ഞത്.
സാക്ഷിമൊഴികൾ പുറത്തു വന്നാൽ അവർ അനുഭവിച്ചേക്കാവുന്ന പ്രത്യാഘാതം ഇല്ലാതാക്കാൻ മൊഴികൾക്ക് പരിപൂർണ രഹസ്യാത്മകത ഉറപ്പാക്കണമെന്നാണ് കമ്മിറ്റി ചൂണ്ടിക്കാണിച്ചത്. ഇതൊക്കെ മുന്നിൽ നിൽക്കെ സർക്കാർ റിപ്പോർട്ട് പൂഴ്ത്തിവെച്ചെന്നാരോപിക്കുന്നതിൽ ഒരു അടിസ്ഥാനമില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. റിപ്പോർട്ടിന്റെ ഒരു ഭാഗവും വെട്ടി നൽകേണ്ടതോ കൂട്ടിച്ചേർക്കേണ്ടതോ ആയ കാര്യം സർക്കാരിനില്ല. റിപ്പോർട്ടിൽ ഒരു കൈകടത്തലും സർക്കാർ നടത്തിയിട്ടില്ല എന്നും ഗോവിന്ദൻ വ്യക്തമാക്കി.