NEWSROOM

എനിക്ക് കൊമ്പില്ല,നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥനാണ്: ക്ഷമ ചോദിച്ച് ബൈജു

കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയായിരുന്നു തിരുവനന്തപുരം വെള്ളിയമ്പലത്തുവെച്ച് അപകടം നടന്നത്

Author : ന്യൂസ് ഡെസ്ക്


അമിതവേഗത്തില്‍ കാറ് ഓടിച്ച് അപകടം ഉണ്ടായ സംഭവത്തില്‍ പൊതുസമൂഹത്തോട് ക്ഷമ ചോദിച്ച് നടന്‍ ബൈജു സന്തോഷ്. 'ഇവിടുത്തെ എല്ലാ നിയമങ്ങളും എല്ലാവരെയും പോലെ അനുസരിക്കാന്‍ ബാധ്യസ്ഥനാണ് ഞാന്‍. എനിക്ക് കൊമ്പൊന്നുമില്ല. അങ്ങനെ വിചാരിക്കുന്ന ഒരാളുമല്ല ഞാന്‍', എന്നാണ് ബൈജു പറഞ്ഞത്. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

'സോഷ്യല്‍ മീഡിയ വഴി എന്റെ ഭാഗത്തുനിന്ന് ഒരു അഹങ്കാരമായിട്ടുള്ള സംസാരം ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ ഞാന്‍ പൊതു സമൂഹത്തോട് ക്ഷമ ചോദിക്കുന്നു. എന്നെ സ്‌നേഹിക്കുന്നവര്‍ എന്നെ മനസിലാക്കുമെന്ന് വിചാരിക്കുന്നു', എന്നും ബൈജു കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയായിരുന്നു തിരുവനന്തപുരം വെള്ളിയമ്പലത്തുവെച്ച് അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് വീണ്ടും വേഗത്തില്‍ മുന്നോട്ട് പോയി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. സംഭവ ശേഷം അറസ്റ്റ് ചെയ്ത വൈദ്യ പരിശോധനയ്ക്ക് ശേഷം നടനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പരിക്കേറ്റയാള്‍ പരാതി നല്‍കാത്തതിനെ തുടര്‍ന്ന് മ്യൂസിയം പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശത്തെ ടയര്‍ പഞ്ചറായിരുന്നു. വാഹനം പിന്നീട് സ്റ്റേഷനിലേക്ക് മാറ്റി. അമിതവേഗത, മദ്യപിച്ച് അലക്ഷ്യമായി വാഹമോടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ബൈജുവിനെതിരെ ചുമത്തിയിരിക്കുന്നത്.



SCROLL FOR NEXT