NEWSROOM

മുന്‍ ഭാര്യയുടെ പരാതിയില്‍ അറസ്റ്റിലായ നടന്‍ ബാലയ്ക്ക് ജാമ്യം

ബാലയ്‌ക്കെതിരെ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരുന്നത്

Author : ന്യൂസ് ഡെസ്ക്

മുന്‍ ഭാര്യയുടെ പരാതിയില്‍ അറസ്റ്റിലായ നടന്‍ ബാലയ്ക്ക് ജാമ്യം.  ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എറണാകുളം ജു‍ഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പരാതിക്കാരിക്കെതിരെ യാതൊരു തരത്തിലുമുള്ള പ്രചരണങ്ങൾ നടത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്. പരാതിക്കാരിയെയോ കുട്ടിയേയോ ഫോണിലോ അല്ലാതേയോ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമാണ് ജാമ്യ ഉപാധികള്‍.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ പാലാരിവട്ടത്തെ വീട്ടില്‍ നിന്നുമാണ് എറണാകുളം കടവന്ത്ര പൊലീസ് നടനെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ കൂടി സ്ത്രീത്വത്തെ അപമാനിച്ചെന്നായിരുന്നു നടനെതിരായ കേസ്.

പരാതിക്കാരിയെയോ മകളെയോ പിന്തുടർന്നിട്ടില്ലെന്നും പരാതിക്കാരി സ്വാധീനം ഉപയോഗിച്ച് തനിക്കെതിരായ കേസെടുപ്പിച്ചതാണെന്നും ബാല കോടതിയെ അറിയിച്ചു.  നടന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ബാലയുടെ അഭിഭാഷക ഫാത്തിമയുടെ വാദം. 

ബാലയ്‌ക്കെതിരെ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ, മുൻ പങ്കാളിയുമായുള്ള കരാർ ലംഘനം, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75 എന്നീ വകുപ്പുകളിലാണ് ബാലയ്‌ക്കെതിരെ കേസെടുത്തിരുന്നത്.  പ്രായപൂർത്തിയാകാത്ത മകളെ മാനസികമായി ദുരിതത്തിലേക്ക് തള്ളിവിട്ടെന്നായിരുന്നു പരാതി. സൈബര്‍ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ബാലയുടെ മാനേജർ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണൻ എന്നിവരും കേസിൽ പ്രതികളാണ്.

മകളുടേയോ കുടുംബത്തിൻ്റെയോ പേര് താൻ ഇനി പറയില്ലെന്നായിരുന്നു ബാലയുടെ പ്രതികരണം. ഏറ്റവും വിഷമിപ്പിച്ചത് മകൾ എതിരായതാണ്. മൂന്ന് ആഴ്ചയായി മകളുടെ പേര് താൻ പറയാറില്ലായിരുന്നെന്നും ബാല പറഞ്ഞു.

ബാലയില്‍ നിന്ന് താനും അമ്മയും നേരിട്ട മാനസിക, ശാരീരിക പീഡനങ്ങളെ കുറിച്ച് സമൂഹമാധ്യമത്തിലൂടെയുള്ള മകളുടെ വെളിപ്പെടുത്തലാണ് സംഭവങ്ങളുടെ തുടക്കം. ബാലയെ കാണാനോ സംസാരിക്കാനോ താല്‍പര്യമില്ലെന്നും മകള്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ മറുപടിയുമായി ബാലയും എത്തി. ഈ തർക്കത്തിന്‍റെ തുടർച്ചയാണ് ബാലയുടെ അറസ്റ്റില്‍ കലാശിച്ചത്.

SCROLL FOR NEXT