NEWSROOM

മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ചുണ്ട്; വെളിപ്പെടുത്തി നടന്‍ ലാല്‍

മലയാള സിനിമ മേഖലയില്‍ നിന്നും ലൈംഗിക അതിക്രമ വാർത്തകള്‍ ഉയർന്നു വരുന്ന സാഹചര്യത്തിലാണ് ലാലിന്‍റെ പ്രതികരണം.

Author : ന്യൂസ് ഡെസ്ക്

മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് നടനും നിർമാതാവുമായ ലാൽ. മലയാള സിനിമ മേഖലയില്‍ നിന്നും ലൈംഗിക അതിക്രമ വാർത്തകള്‍ ഉയർന്നു വരുന്ന സാഹചര്യത്തിലാണ് ലാലിന്‍റെ പ്രതികരണം. കാസ്റ്റിങ് കൗച്ച് സിനിമയിൽ ഉണ്ടാകാൻ പാടില്ലാത്തതാണെന്നും എഎംഎംഎ കൊള്ള സംഘം അല്ലെന്നും ലാല്‍ അഭിപ്രായപ്പെട്ടു .

ജോയ് മാത്യുവിനെ നിർബന്ധിച്ച് അമ്മയിലേക്ക് മത്സരിപ്പിച്ചത് താനാണെന്നും അവനെ പൂട്ടാം, ഇവനെ പൂട്ടാം എന്ന നിലപാട് എഎംഎംഎക്കില്ലെന്നും ലാല്‍ പറഞ്ഞു. നടനും എംഎല്‍എയുമായ മുകേഷിനെതിരെയുള്ള ആരോപണങ്ങളോടും ലാല്‍ പ്രതികരിച്ചു. മുകേഷ് മാറണമോ മാറിനിൽക്കേണ്ടയോ എന്നത് പാർട്ടി നിലപാടാണ്. ഞാനൊരു രാഷ്ട്രീയക്കാരനല്ല. ആരോപണങ്ങളിൽ അന്വേഷണം വേണം. ഡബ്ലൂസിസി അംഗങ്ങളെ എഎംഎംഎയുടെ തലപ്പത്ത് കൊണ്ടുവരാനുള്ള നീക്കങ്ങൾ അറിയില്ലെന്നും ലാൽ പറഞ്ഞു.


ആരുമാറി നിന്നാലും മാറി നിന്നില്ലെങ്കിലും എഎംഎംഎയുടെ കാര്യങ്ങൾ നടക്കും.കുറ്റം ചെയ്ത ആളുകൾ ശിക്ഷിക്കപ്പെടണം. സിദ്ദിഖിനെതിരായ ലൈംഗിക ആരോപണം തന്നിൽ ഞെട്ടൽ ഉണ്ടാക്കിയെന്നും ലാല്‍ പറഞ്ഞു. ആരുടെയും ഉള്ളിലേക്ക് കടന്നു കാണാൻ പറ്റില്ല. ആരെപ്പറ്റിയും നമുക്ക് ഒന്നുമറിയില്ല. നല്ല ആളുകൾ ആണെന്ന് വിശ്വസിക്കുന്നു അങ്ങനെ തന്നെ ആകണമെന്ന് പ്രാർത്ഥിക്കുന്നുവെന്നും ലാല്‍ കൂട്ടിച്ചേർത്തു.


മാധ്യമങ്ങളേയും ലാല്‍ വിമർശിച്ചു. എഎംഎംഎയിൽ ഏതു തരം ശുദ്ധീകരണമാണ് വേണ്ടതെന്ന് മാധ്യമങ്ങൾ പറഞ്ഞു കൊടുത്താൽ മതിയെന്നായിരുന്നു ലാലിന്‍റെ പ്രതികരണം. അമ്മയെ തല്ലിയാലും രണ്ടു പക്ഷം ഉണ്ടാകും. രാഷ്ട്രീയ മീറ്റിങ് കൂടുന്നതുപോലെ വലിയ പ്രശ്നങ്ങൾ എഎംഎംഎയിലില്ല.  ചെറുപ്പക്കാരോ, മുതിർന്നവരോ എഎംഎംഎയിലേക്ക് വരുന്നത് സ്വാഗതാർഹമാണെന്നും ലാല്‍ കൂട്ടിച്ചേർത്തു.


SCROLL FOR NEXT