NEWSROOM

"സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിന് മാതൃക, ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ സഖാവ്"; യെച്ചൂരിയ്ക്ക് ആദരാഞ്ജലികളർപ്പിച്ച് മോഹൻലാൽ

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹൻലാലിൻ്റെ കുറിപ്പെത്തിയത്.

Author : ന്യൂസ് ഡെസ്ക്


സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ മോഹൻലാൽ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹൻലാലിൻ്റെ കുറിപ്പെത്തിയത്.

"ആദർശത്തിലധിഷ്ഠിതമായ സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ മാതൃകയായിരുന്ന ദേശീയ നേതാവ് കോമ്രേഡ് സീതാറാം യെച്ചൂരി നമ്മോട് വിടപറഞ്ഞു. കർമ്മധീരതയും ഊർജ്ജസ്വലതയും കൈമുതലാക്കി ജനഹൃദയങ്ങളിൽ സ്ഥാനം നേടുകയും, രാജ്യസഭാ അംഗം, സി പി എം ദേശീയ ജനറൽ സെക്രട്ടറി തുടങ്ങി ഒട്ടേറെ പദവികൾ അലങ്കരിക്കുകയും ചെയ്ത ആ മഹത് വ്യക്തിത്വത്തിന് വേദനയോടെ ആദരാഞ്ജലികൾ."മോഹൻലാൽ കുറിച്ചു.

നടൻ മമ്മൂട്ടിയും യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചനകുറിപ്പുമായെത്തിയിരുന്നു. സീതാറാം എന്ന സുഹൃത്തിനേയും രാഷ്ട്രതന്ത്രജ്ഞനേയും മമ്മൂട്ടി എക്സ് പോസ്റ്റില്‍ അനുസ്മരിച്ചു. "ഏറെ നാളായി എൻ്റെ പ്രിയ സുഹൃത്തായിരുന്ന സീതാറാം യെച്ചൂരി നമ്മുടെ കൂടെയില്ലെന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് വളരെ വിഷമമുണ്ട്. സമർത്ഥനായ ഒരു രാഷ്ട്രതന്ത്രജ്ഞൻ, അതിശയിപ്പിക്കുന്ന മനുഷ്യൻ, ശരിക്കും മനസ്സിലാക്കുന്ന ഒരു സുഹൃത്ത്. എനിക്ക് ഇതൊരു നഷ്ടമാണ്," മമ്മൂട്ടി എക്സില്‍ കുറിച്ചു.

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഒരു മാസത്തോളമായി എയിംസില്‍ ചികിത്സയിലായിരുന്ന സീതാറാം യെച്ചൂരി ഇന്ന് ഉച്ചയോടെയാണ് അന്തരിച്ചത്. രാഷ്ട്രീയത്തിന് അതീതമായതും എന്നാല്‍ കമ്യൂണിസ്റ്റ് നിലപാടുകളില്‍ ഉറച്ചു നിന്നും ബന്ധങ്ങള്‍ കാത്തു സൂക്ഷിച്ചിരുന്നതുമായ വ്യക്തിയായിരുന്നു സീതാറാം. കല, സാഹിത്യം, സിനിമ മേഖലകളിലെ മുന്നേറ്റങ്ങളെയും പ്രതിഭകളേയും ശ്രദ്ധിച്ചിരുന്ന നേതാവ് കൂടിയാണ് അദ്ദേഹം.

സെപ്റ്റംബര്‍ 14 ശനിയാഴ്ച പാര്‍ട്ടി ആസ്ഥാനമായ ഡല്‍ഹി എകെജി ഭവനില്‍ സീതാറാം യെച്ചൂരിയുടെ പൊതുദര്‍ശനത്തിന് വെക്കും. ഇന്ന് എയിംസ് മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം നാളെ വസന്ത് കുഞ്ചിലെ വസതിയിലേക്ക് കൊണ്ടുപോകും. എകെജി ഭവനിലെ പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം ഡല്‍ഹി എയിംസ് മെഡിക്കല്‍ കോളേജിന് പഠനാവശ്യത്തിന് വിട്ടുനല്‍കും.

SCROLL FOR NEXT