ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്ന പവർ ഗ്രൂപ്പ് സിനിമാ മേഖലയിൽ ഇല്ലെന്ന് നടൻ മുകേഷ്. പവർ ഗ്രൂപ്പിനെ കുറിച്ച് അറിയില്ല. സിനിമയിൽ പവർ ഗ്രൂപ്പ് വരാൻ ഇടയില്ല, അങ്ങനെ വന്നാൽ സിനിമ നിലനിൽക്കില്ല. തനിക്ക് പറ്റിയ റോളുകൾ തന്നെ തേടി വരുകയാണ് ഉണ്ടായിട്ടുള്ളത്. എല്ലാം കഴിവിൻ്റെ അടിസ്ഥാനത്തിൽ ആണെന്നും മുകേഷ് പറഞ്ഞു.
കലാരംഗത്ത് പ്രവർത്തിക്കുന്ന ഏതേലും സഹോദരിമാരെ ദ്രോഹിച്ചിട്ടുണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. താനും കലാകുടുംബത്തിൽ നിന്നാണ് വന്നത്. തൻ്റെ സഹോദരിമാരും കലാകാരികളാണ്.
പരാതിയുമായി ആരും തൻ്റെ മുന്നിൽ ആരും അടുത്ത കാലത്ത് വന്നിട്ടില്ല. കേസ് എടുത്തു കഴിഞ്ഞ് പരാതി ഇല്ലെന്ന് പറഞ്ഞാൽ പിന്നെ എന്ത് ചെയ്യും. പുറത്ത് വന്ന കാര്യങ്ങളിൽ ഗവൺമെൻ്റ് ഇടപെടുമെന്നാണ് കരുതുന്നത്. എന്തേലും ഉണ്ടേൽ വ്യക്തത വരുത്തി അവസാനിപ്പിക്കേണ്ടതാണ് എന്നും മുകേഷ് വ്യക്തമാക്കി.
അതേസമയം അക്കാദമി ചെയർമാൻ സ്ഥാനം രാജിവെക്കണമോയെന്ന് തീരുമാനിക്കേണ്ടത് രജ്ഞിത്താണ് എന്നും മുകേഷ് പ്രതികരിച്ചു. രഞ്ജിത്തിൻ്റെ വിഷയം സർക്കാർ പരിശോധിക്കട്ടെ. രാജിവെക്കണമെന്ന് താൻ പറയില്ല എന്നും മുകേഷ് കൂട്ടിച്ചേർത്തു.