NEWSROOM

AMMAയ്ക്ക് വീഴ്ച സംഭവിച്ചു; ആരോപണങ്ങളിൽ പഴുതടച്ച അന്വേഷണം വേണം: പൃഥ്വിരാജ്

പവർ ഗ്രൂപ്പ് പ്രശ്നങ്ങൾ എനിക്ക് വന്നിട്ടില്ലെന്ന് ഞാൻ പറഞ്ഞാൽ അത് ഇല്ല എന്ന അർഥം ഇല്ല

Author : ന്യൂസ് ഡെസ്ക്

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്. "ഹേമ കമ്മിറ്റിയുമായി ആദ്യം സംസാരിച്ച ആളുകളിൽ ഒരാൾ എന്ന നിലയിൽ റിപ്പോർട്ടിൽ തനിക്ക് ഞെട്ടൽ ഉണ്ടായിട്ടില്ല. എന്നാൽ, അതിൻ്റെ തുടർനടപടികളിൽ ആകാംക്ഷയുണ്ട്. ആരോപണങ്ങളിൽ പഴുതടച്ച അന്വേഷണം വേണം. കുറ്റക്കാർക്കെതിരെ ഈ നാട്ടിലെ നിയമ വ്യവസ്ഥിതി അനുസരിച്ചുള്ള മാതൃകാപരമായ ശിക്ഷ നൽകണം. എന്നാൽ ആരോപണങ്ങൾ തെറ്റാണെന്ന് കണ്ടാൽ തിരിച്ചും നടപടി വേണം. ഇരകളുടെ പേര് സംരക്ഷിക്കപ്പെടണം," പൃഥ്വിരാജ് പറഞ്ഞു.

"പരാതികൾ പരിശോധിക്കുന്നതിൽ AMMA സംഘടനയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ട്. AMMAയുടെ നിലപാടുകൾ തിരുത്തേണ്ടതുണ്ട്. പവർ ഗ്രൂപ്പ് പ്രശ്നങ്ങൾ എനിക്ക് വന്നിട്ടില്ല എന്ന് ഞാൻ പറഞ്ഞാൽ അത് ഇല്ലെന്ന അർഥം ഇല്ല. പവർ ഗ്രൂപ്പിൽ നിന്നുമുള്ള ബുദ്ധിമുട്ട് നേരിട്ടുള്ള ആളുകൾ ഉണ്ടെങ്കിൽ നടപടി വേണം. സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കെതിരെ ആരോപണം വന്നാൽ സ്ഥാനത്തു നിന്ന് മാറി അന്വേഷണം നേരിടണം എന്നാണ് തന്റെ അഭിപ്രായം," പൃഥ്വിരാജ് പറഞ്ഞു.

"സിനിമയിൽ വിലക്കുണ്ട് എന്നതിന് പാർവതിക്ക് മുൻപേ ഉള്ള തെളിവ് ഞാനാണ്. അത്തരത്തിലുള്ള ഒരു പ്രവണത ഇല്ലാതാക്കണം. മലയാള സിനിമായിൽ പവർ ഗ്രൂപ്പ് പാടില്ല. എല്ലാ സെറ്റുകളിലും ICC പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ മറ്റൊരു സിസ്റ്റം വേണം. എല്ലാ സംഘടനകളുടെ തലപ്പത്തും വനിതാ പ്രാതിനിധ്യം വേണം. സിനിമ കോൺക്ലേവ് നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപകാരപ്പെടട്ടെ. അന്വേഷണ സംഘം വിളിപ്പിച്ചാൽ മൊഴി നൽകും. ശരിയായ ദിശയിലേക്ക് വഴി മാറ്റി വിട്ടത് മലയാള സിനിമ ആണെന്ന് മറക്കരുത്," പൃഥ്വിരാജ് പറഞ്ഞു.

SCROLL FOR NEXT