NEWSROOM

തമിഴ്‌നാടിന്റെ പ്രതീക്ഷ വിജയ്‌യിൽ; അദ്ദേഹം അടുത്ത എംജിആര്‍; ബിജെപിയില്‍ നിന്ന് രാജിവെച്ച നടി രഞ്ജ ടിവികെയില്‍

തമിഴ് സംവിധായകന്‍ ബാലയുടെ സഹോദരന്റെ മകളാണ് രഞ്ജന

Author : ന്യൂസ് ഡെസ്ക്

തമിഴ്‌നാട്ടില്‍ ബിജെപിയുമായി ബന്ധം ഉപേക്ഷിച്ച നടി രഞ്ജന നാച്ചിയാര്‍ വിജയുടെ തമിഴക വെട്രിക കഴകത്തില്‍ (ടിവികെ) ചേര്‍ന്നു. കഴിഞ്ഞ ദിവസമാണ് രഞ്ജന എട്ട് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് ബിജെപിയില്‍ നിന്ന് രാജിവെച്ചത്. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതടക്കമുള്ള ബിജെപിയുടെ നയങ്ങളോടുള്ള വിയോജിപ്പാണ് രാജിക്ക് കാരണം.

ടിവികെയുടെ ഒന്നാം വാര്‍ഷികാഘോഷം നടക്കുന്ന സ്ഥലത്ത് എത്തിയാണ് രഞ്ജന പാര്‍ട്ടിയില്‍ ചേരാനുള്ള സന്നദ്ധത അറിയിച്ചത്. വിജയിയെ അടുത്ത എംജിആര്‍ എന്നാണ് രഞ്ജന വിശേഷിപ്പിച്ചത്. ദേശീയതയും ദ്രാവിഡ രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തിയുള്ള വിജയിയുടെ രാഷ്ട്രീയത്തില്‍ ആകൃഷ്ടയായിട്ടാണ് തീരുമാനമെന്ന് രഞ്ജന പറഞ്ഞു. ടിവികെയ്‌ക്കൊപ്പം തന്റെ രാഷ്ട്രീയ യാത്ര തുടരാനുള്ള ആഗ്രഹവും രഞ്ജന പ്രകടിപ്പിച്ചു.

തമിഴ്‌നാടിന്റെ ഏറ്റവും വലിയ പ്രതീക്ഷയാണ് വിജയ് എന്നും രഞ്ജന കൂട്ടിച്ചേര്‍ത്തു. തമിഴ് സംവിധായകന്‍ ബാലയുടെ സഹോദരന്റെ മകളാണ് രഞ്ജന. ത്രിഭാഷാ നയം നടപ്പാക്കുന്നത് ശരിയല്ലെന്നും ബിജെപിക്ക് ദ്രാവിഡരോട് വെറുപ്പാണെന്നും പാര്‍ട്ടി വിട്ടുകൊണ്ട് രഞ്ജന പറഞ്ഞിരുന്നു.

തമിഴ് സ്ത്രീ എന്ന നിലയില്‍, ത്രിഭാഷാ നയം അടിച്ചേല്‍പ്പിക്കുന്നതും, ദ്രാവിഡരോടുള്ള വിദ്വേഷം വളരുന്നതും, തമിഴ്നാടിന്റെ ആവശ്യങ്ങള്‍ അവഗണിക്കുന്നതും അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു രഞ്ജന രാജിക്കത്തില്‍ പറഞ്ഞിരുന്നത്.

ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇംഗ്ലീഷ്, ഹിന്ദി, ഒരു ആധുനിക ഇന്ത്യന്‍ ഭാഷ. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഇംഗ്ലീഷ്, ഹിന്ദി, ഒരു ഇന്ത്യന്‍ ഭാഷ എന്നിങ്ങനെ വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവരുന്നതാണ് ത്രിഭാഷ നയത്തിലൂടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ഈ നയത്തിനെതിരെ തമിഴ്‌നാട്ടിലും തെലങ്കാനയിലുമടക്കം കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ അടുത്ത ഭാഷാ യുദ്ധത്തിനു വരെ തയ്യാറാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. എല്ലാ കുട്ടികളും ഭാഷാപണ്ഡിതരല്ല, കുട്ടികളെ മറ്റൊരു ഭാഷ പഠിക്കാന്‍ നിര്‍ബന്ധിക്കേണ്ടതില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും പ്രഖ്യാപിച്ചാണ് രഞ്ജന രാജിവെച്ചത്.

SCROLL FOR NEXT