NEWSROOM

'ഇന്നെനിക്ക് 55, ആയുസ്സ് എന്ന വഞ്ചിയിലൂടെയുള്ള യാത്ര 54 കാതങ്ങള്‍ പിന്നിടുന്നു'; പിറന്നാള്‍ ദിനത്തില്‍ സലിം കുമാര്‍

ഹാസ്യതാരമായും സ്വഭാവ നടനായും തിളങ്ങിയ സലിം കുമാറിന്‍റെ പല കഥാപാത്രങ്ങളും മലയാള സിനിമ പ്രേക്ഷകര്‍ക്ക് എക്കാലവും പ്രിയപ്പെട്ടതാണ്

Author : ന്യൂസ് ഡെസ്ക്



55-ാം പിറന്നാള്‍ ദിനത്തില്‍ വൈകാരികമായ കുറിപ്പുമായി നടന്‍ സലിം കുമാര്‍. ഹാസ്യതാരമായും സ്വഭാവ നടനായും തിളങ്ങിയ സലിം കുമാറിന്‍റെ പല കഥാപാത്രങ്ങളും മലയാള സിനിമ പ്രേക്ഷകര്‍ക്ക് എക്കാലവും പ്രിയപ്പെട്ടതാണ്. ഇത്രയും കാതങ്ങൾ പിന്നിടുന്നതിന് സഹയാത്രികർ നൽകിയ സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് സലീം കുമാര്‍ ഫെയ്സ് ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ്സ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55 ലേക്ക് ഇന്ന് പ്രവേശിക്കുകയാണ്. ഇത്രയും കാതങ്ങൾ പിന്നിടുന്നതിന് എന്റെ സഹയാത്രികർ എനിക്ക് നൽകിയ സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി. ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല. ഈ മഹാസാഗരത്തിൽ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം. അതിൽ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടർന്നേ പറ്റു. എന്റെ വഞ്ചിയിൽ ആണെങ്കിൽ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാൻ യാത്ര തുടരുകയാണ്.  എനിക്ക്എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാൻ പറ്റും എന്നറിയില്ല. എന്നാലും ഞാൻ യാത്ര തുടരുകയാണ്. അനുഗ്രഹങ്ങളും ആശിർവാദങ്ങളും ഉണ്ടാകണം.

സ്നേഹപൂർവ്വം

നിങ്ങളുടെ സലിം കുമാർ 

കലാഭവനില്‍ മിമിക്രിതാരമായി കലാജീവിതം ആരംഭിച്ച സലിം കുമാര്‍ ടെലിവിഷന്‍ ഹാസ്യ പരിപാടികളിലൂടെയാണ് പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതനാകുന്നത്. 1996-ല്‍ പുറത്തിറങ്ങിയ 'ഇഷ്ടമാണ് നൂറുവട്ടം' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങിലൂടെ സജീവമായ സിനിമ കരിയറായിരുന്നു സലിം കുമാറിന് ലഭിച്ചത്. ഹാസ്യകഥാപാത്രങ്ങളില്‍ തിളങ്ങി നില്‍ക്കുമ്പോഴും കൈയ്യടക്കമുള്ള സ്വഭാവ വേഷങ്ങളിലൂടെ തന്നിലെ അഭിനേതാവിനെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കാന്‍ സലിം കുമാറിന് കഴിഞ്ഞു. പെരുമഴക്കാലം, അച്ഛനുറങ്ങാത്ത വീട് തുടങ്ങിയ സിനിമകളിലെ പ്രകടനം ഇത്തരത്തില്‍ വലിയ നിരൂപക പ്രശംസ നേടി. കരിയറിലെ ഏറ്റവും വലിയ നേട്ടമായി മാറിയ 'ആദാമിന്‍റെ മകന്‍ അബു'വിലെ കഥാപാത്രം മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരം സലിം കുമാറിന് നേടികൊടുത്തു. മൂന്ന് സിനിമകള്‍ അദ്ദേഹം സംവിധാനവും ചെയ്തിട്ടുണ്ട്.

അനാരോഗ്യം മൂലം സിനിമയില്‍ മുമ്പത്തെ പോലെ സജീവമല്ലെങ്കിലും മലയാളികളെ സംബന്ധിക്കുന്ന പൊതുവിഷയങ്ങളില്‍ തന്‍റെ നിലപാട് അദ്ദേഹം എപ്പോഴും തുറന്നുപറയാറുണ്ട്. മൂത്തമകന്‍ ചന്തു ഇപ്പോള്‍ സിനിമയില്‍ സജീവമാണ്.

SCROLL FOR NEXT