NEWSROOM

ലഹരി പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ; ചോദ്യം ചെയ്യാൻ ഡാൻസാഫ്

കഴിഞ്ഞ ദിവസം രാത്രി 10.58നാണ് ഡാൻസാഫിന്റെ കൊച്ചി യൂണിറ്റ് ഇവിടെ പരിശോധനയ്‌ക്കെത്തിയത്.

Author : ന്യൂസ് ഡെസ്ക്


ഡാൻസാഫിൻ്റെ ലഹരി പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങി ഓടി. സിനിമാ സെറ്റിലെ ലഹരി ഉപയോ​ഗത്തെ പറ്റി നടി വിൻസി അലോഷ്യസ് പരാതി നൽകിയതിന് പിന്നാലെയായിരുന്നു ഡാൻസാഫ് പരിശോധന. കഴിഞ്ഞ ദിവസം രാത്രിയോടെ എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ നിന്നാണ് ഷൈൻ ഇറങ്ങിയോടിയത്. രാത്രി 10.58ഓടെയാണ് ഡാൻസാഫിന്റെ കൊച്ചി യൂണിറ്റ് ഇവിടെ പരിശോധനയ്‌ക്കെത്തിയത്. അഞ്ചിലധികം പൊലീസ് ഉദ്യോ​ഗസ്ഥർ സംഘത്തിലുണ്ടായിരുന്നു.


സംഘം ഹോട്ടലിലെത്തിയതോടെ ജനൽ വഴി താഴേക്കിറങ്ങി റിസപ്ഷൻ വഴി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഹോട്ടലിൽ ലഹരി ഉപയോ​ഗമുണ്ടെന്ന വിവരവും ഡാൻസാഫിന് ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലും കൂടിയാണ് സംഘം പരിശോധനയ്‌ക്കെത്തിയത്. കൊച്ചി നാർക്കോട്ടിക്സ് എസിപിയുടെ നിർദേശപ്രകാരമായിരുന്നു പരിശോധന.

ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയോടിയ സംഭവത്തിൽ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ഡാൻസാഫ് സംഘം. ഷൈനിനെ ഉടനെ വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. പൊലീസ് പരിശോധനയിൽ ലഹരി സാന്നിധ്യം കണ്ടെത്താനായിട്ടില്ല. നടൻ ഷൈൻ ടോമിന് ഒപ്പം ഒരാൾ കൂടിയുണ്ടായിരുന്നു. ഇയാളെ പരിശോധിച്ച ശേഷം വിട്ടയച്ചുവെന്നും ഡാൻസാഫ് ഉദ്യോഗസ്ഥർ അറിയിച്ചു.

'സൂത്രവാക്യം' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഷൈൻ ടോം ചാക്കോ നടി വിൻസി അലോഷ്യസിനോട് അപമര്യാദയായി പെരുമാറുകയും, ലഹരി ഉപയോ​ഗിക്കുകയും ചെയ്തത്. സംഭവത്തിൽ ഫിലിം ചേംബറിനും, സിനിമയുടെ ഐസിസിക്കുമാണ് നടി പരാതി നൽകിയത്. താരസംഘടനയായ A.M.M.Aയ്ക്കും പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ കമ്മീഷനെ സംഘടന നിയോഗിച്ചിട്ടുണ്ട്. അതേസമയം, വിൻസി അലോഷ്യസിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടാൻ ഒരുങ്ങുകയാണ് എക്സൈസ് സംഘം.

SCROLL FOR NEXT