NEWSROOM

ബലാത്സംഗ കേസ്: സിദ്ദീഖിന് കർശന ഉപാധികളോടെ ജാമ്യം

സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് വീണ്ടും പൊലീസ് കോടതിയെ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ബലാത്സംഗ കേസിൽ അറസ്റ്റിലായ നടൻ സിദ്ദീഖിന് ജാമ്യം. കർശന ഉപാധികളോടെയാണ് തിരുവനന്തപുരം ജില്ലാ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. മുൻകൂർ അനുമതി ഇല്ലാതെ, സിദ്ദീഖിന് കേരളം വിട്ടുപോകാൻ പാടില്ല, പാസ്പോർട്ട് ഹാജരാക്കണമെന്നും കോടതി നിർദേശം നൽകി. കേസുമായി ബന്ധപ്പെട്ട് പരാതിക്കാരിയെയോ പരാതിക്കാരിയുടെ ബന്ധുക്കളെയോ സമീപിക്കാൻ പാടില്ലെന്നും നിർദേശം നൽകി.

പ്രതി സംസ്ഥാനം വിട്ടുപോകാൻ പാടില്ല, ഒരു ലക്ഷം രൂപ കെട്ടിവെക്ക‌ണം, പരാതിക്കാരിയെ മാനസികമായി തളർത്തുന്ന വിധത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിടാൻ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണം, പാസ്പോർട്ട് കോടതിയിൽ കെട്ടിവെക്കണം, സുപ്രീംകോടതി വ്യവസ്ഥകൾ പാലിക്കണം എന്നീ നിർദേശങ്ങളും കോടതി മുന്നോട്ടുവെച്ചു.

സിദ്ദീഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് വീണ്ടും പൊലീസ് കോടതിയെ അറിയിച്ചു. പ്രതി അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നും, കർശന വ്യവസ്ഥകൾ വേണമെന്നും ചൂണ്ടിക്കാട്ടി പൊലീസ് സമർപ്പിച്ച റിപ്പോർട്ടിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്.

സുപ്രീം കോടതി നേരത്തെ സിദ്ദീഖിന് ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയാൽ കോടതിയിൽ ഹാജരാക്കി, ഉടൻ ജാമ്യത്തിൽ വിട്ടയക്കാനാണ് സുപ്രീം കോടതി നിർദ്ദേശം. 2016ല്‍ ബലാത്സംഗം നടന്നിട്ടും, പരാതി നല്‍കാന്‍ എട്ടുവര്‍ഷം വൈകിയത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചിരുന്നു.

SCROLL FOR NEXT