NEWSROOM

സിദ്ദീഖിന് ലഭിച്ചത് ഇടക്കാല മുന്‍കൂര്‍ ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം; സുപ്രീംകോടതിയുടെ വിധി പകര്‍പ്പ് പുറത്ത്

ജാമ്യ ഉപാധികള്‍ എന്തൊക്കെയെന്ന് വിചാരണ കോടതിക്ക് തീരുമാനിക്കാം

Author : ന്യൂസ് ഡെസ്ക്


ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് ലഭിച്ചത് സുപ്രീംകോടതിയുടെ ഇടക്കാല മുന്‍കൂര്‍ ജാമ്യം. മുന്‍കൂര്‍ ജാമ്യം തേടി സിദ്ദീഖ് സമര്‍പ്പിച്ച ഹര്‍ജിയിലെ വിധി പകര്‍പ്പ് പുറത്തുവന്നു. സിദ്ദീഖിനെ അറസ്റ്റ് ചെയ്താല്‍ വിചാരണ കോടതിയില്‍ ഹാജരാക്കിയ ശേഷം ജാമ്യം നല്‍കി വിട്ടയക്കണമെന്ന് ഉത്തരവിൽ കോടതി വ്യക്തമാക്കി.

ജാമ്യ ഉപാധികള്‍ എന്തൊക്കെയെന്ന് വിചാരണ കോടതിക്ക് തീരുമാനിക്കാം. സിദ്ദീഖ് അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണ ഉദ്യോസ്ഥന്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കി.

ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് സതീഷ് ചന്ദ്ര സെയില്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സിദ്ദീഖിന്‍റെ ജാമ്യാപേക്ഷ പരിഗണിച്ചത്. ഹര്‍ജി ഒക്ടോബര്‍ 22-ന് വീണ്ടും പരിഗണിക്കും.

മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി, രഞ്ജീത റോഹ്ത്തഗി, ഫിലിപ്പ് വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവരാണ് സുപ്രീംകോടതിയില്‍ സിദ്ദിഖിനുവേണ്ടി ഹാജരായത്. സംസ്ഥാന സര്‍ക്കാരിനായി അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി, സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരും അതിജീവിതയ്ക്കുവേണ്ടി പ്രമുഖ അഭിഭാഷക വൃന്ദ ഗ്രോവറും ഹാജരായി.

സിദ്ദീഖിന്‍റെ അറസ്റ്റ് രണ്ടാഴ്ചത്തേക്ക് തടഞ്ഞെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് ഇടക്കാല ജാമ്യമാണ് ലഭിച്ചിരിക്കുന്നത് വ്യക്തമായത്. കേസിലെ എതിര്‍ കക്ഷികളായ സംസ്ഥാന സര്‍ക്കാരിനും അതിജീവിതയായ നടിക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

SCROLL FOR NEXT