NEWSROOM

ഹൈബ്രിഡ് കഞ്ചാവ് കേസ്; ഹൈക്കോടതി എക്‌സൈസിനോട് റിപ്പോര്‍ട്ട് തേടി; പിന്നാലെ മുന്‍കൂര്‍ ജാമ്യഹര്‍ജി പിന്‍വലിച്ച് ശ്രീനാഥ് ഭാസി

ശ്രീനാഥ് ഭാസി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി എക്‌സൈസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു

Author : ന്യൂസ് ഡെസ്ക്

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ നടന്‍ ശ്രീനാഥ് ഭാസി പിന്‍വലിച്ചു. കേസില്‍ എക്‌സൈസ് നിലവില്‍ പ്രതി ചേര്‍ക്കാത്ത സാഹചര്യത്തിലാണ് നടപടി. ശ്രീനാഥ് ഭാസി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി എക്‌സൈസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഹര്‍ജി പിന്‍വലിച്ചത്.

രണ്ടാഴ്ച്ചയ്ക്കകം മറുപടി നല്‍കാനായിരുന്നു എക്‌സൈസിന് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്. എക്സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും ആയിരുന്നു ശ്രീനാഥ് ഭാസി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

കേസ് വ്യാജവും കെട്ടിച്ചമച്ചതുമാണെന്നാണ് ശ്രീനാഥ് ഭാസിയുടെ വാദം. പ്രതി തസ്ലിമയില്‍ നിന്ന് താന്‍ കഞ്ചാവ് വാങ്ങിയിട്ടില്ലെന്നും അറസ്റ്റ് ചെയ്താല്‍ സിനിമയുടെ ഷൂട്ടിംഗ് മുടങ്ങുമെന്നും ശ്രീനാഥ് ഭാസി ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.


ഏപ്രില്‍ ഒന്നിന് ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുല്‍ത്താന അറസ്റ്റിലായതോടെയാണ് ശ്രീനാഥ് ഭാസിയുടേയും ഷൈന്‍ ടോം ചാക്കോയുടേയും പേര് പുറത്തു വന്നത്. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായാണ് തസ്ലീമയേയും ഫിറോസിനേയും ആലപ്പുഴയില്‍ രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്നായിരുന്നു ഇവര്‍ മൊഴി നല്‍കിയത്.

സിനിമാ താരങ്ങളുമായി ഒരുമിച്ച് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും എക്സൈസിന് തസ്ലീമ നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. സിനിമാ മേഖലയിലെ മറ്റ് ചില പ്രമുഖരുമായും സാമ്പത്തിക ഇടപാടുകളും ഉണ്ടായിട്ടുണ്ടെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്.


ജാമ്യ ഹര്‍ജിയില്‍ തസ്ലീമ സുല്‍ത്താന വിളിച്ചിരുന്നുവെന്ന് ശ്രീനാഥ് ഭാസി പറഞ്ഞിരുന്നു. ഹെബ്രിഡ് കഞ്ചാവ് കൈവശമുണ്ടെന്നും ആവശ്യമുണ്ടോയെന്നും തസ്ലിമ ചോദിച്ചുവെന്നും ആരോ കബളിപ്പിക്കാന്‍ വേണ്ടി അയച്ച സന്ദേശമെന്നാണ് കരുതിയിരുന്നതെന്നുമാണ് നടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്.

SCROLL FOR NEXT