നടനും നിര്‍മ്മാതാവുമായ ടി പി മാധവന്‍ അന്തരിച്ചു. 88 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സംസ്‌കാരം നാളെ വൈകിട്ട് ശാന്തികവാടത്തില്‍ വെച്ച് നടത്തും.
ഉദര സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ നടത്തിയിട്ടും നടന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായിരുന്നില്ല. ഗാന്ധിഭവന്‍ അധികൃതരാണ് ഇവിടെ പ്രവേശിപ്പിച്ചത്. കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരം ഗാന്ധിഭവനിലാണ് അദ്ദേഹം കഴിയുന്നത്. ദീര്‍ഘനാളായി മറവി രോഗത്തിന് ചികിത്സയില്‍ ആയിരുന്നു അദ്ദേഹം.
ചെറുതും വലുതുമായി അഞ്ഞൂറോളം ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടിരിക്കുന്നത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അഭിനയ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. തിരുവനന്തപുരത്തെ ലോഡ്ജില്‍ അവശനായി കിടന്ന അദ്ദേഹത്തെ സഹപ്രവര്‍ത്തകരാണ് ഗാന്ധിഭവനില്‍ എത്തിച്ചത്. ഇതിന് ശേഷം ആരോഗ്യം മെച്ചപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ചില സീരിയലുകളിലും സിനിമകളിലും ചെറിയ വേഷങ്ങള്‍ ചെയ്തു. എന്നാല്‍ മറവി രോഗം പിടിപെടുകയായിരുന്നു.
ചലച്ചിത്ര സംഘടനയായ A.M.M.Aയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു. വഴുതക്കാട് സ്വദേശിയായ ടിപി മാധവന്‍ പ്രശസ്ത അദ്ധ്യാപകന്‍ എന്‍.പി പിള്ളയുടെ മകനാണ്. ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ രാജകൃഷ്ണ മേനോന്‍ ആണ് ഇദ്ദേഹത്തിന്റെ മകന്‍.