NEWSROOM

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ചോർന്നതിലെ അന്വേഷണ റിപ്പോർട്ടിനെതിരായ ഹർജി വിധി പറയാനായി മാറ്റി

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഉൾപ്പെടുന്ന മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യൂ മാറിയതു സംബന്ധിക്കുന്ന അന്വേഷണം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജസ്റ്റിസ് ഹണി എം. വർഗീസിന്‍റെ നേതൃത്വത്തിലാണ് നടന്നത്

Author : ന്യൂസ് ഡെസ്ക്

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാർഡ് തുറന്നു പരിശോധിച്ചതിലെ വസ്തുതാന്വേഷണ റിപ്പോർട്ടിനെതിരായ ഹർജി വിധി പറയാനായി മാറ്റി ഹൈക്കോടതി. അതിജീവിത സമർപ്പിച്ച ഹർജിയാണ് വിധി പറയാനായി മാറ്റിയത്. റിപ്പോർട്ട് റദ്ദാക്കി ഉന്നത പൊലീസുദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് അതിജീവിതയുടെ ആവശ്യം. അന്വേഷണത്തിന് കോടതി മേൽനോട്ടമുണ്ടാകണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഉൾപ്പെടുന്ന മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യൂ മാറിയതു സംബന്ധിക്കുന്ന അന്വേഷണം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജസ്റ്റിസ് ഹണി എം. വർഗീസിന്‍റെ നേതൃത്വത്തിലാണ് നടന്നത്. വിശദമായ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയില്‍ സമർപ്പിച്ചിരുന്നു. റിപ്പോർട്ട് പ്രകാരം മൂന്ന് തവണയാണ് മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചത്. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജ‍ഡ്ജിയുടെ പേഴ്‌സണല്‍ അസിസ്റ്റന്‍റ്  മഹേഷ്, വിചരണ കോടതി ശിരസ്തദാർ താജുദ്ദീന്‍ എന്നിവർ മെമ്മറി കാർഡ് പരിശോധിച്ചുവെന്നാണ് കണ്ടെത്തല്‍.

Also Read: ഏഴര വര്‍ഷം നീണ്ട വിചാരണ; ഒടുവില്‍ വിധി പറയാനിരിക്കെ ഒന്നാം പ്രതിക്ക് ജാമ്യം


2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ട സംഭവം നടക്കുന്നത്. മലയാള സിനിമയിലെ ഒരു പ്രമുഖ നടി ക്രൂരമായി പീഡനത്തിന് ഇരയാവുകയായിരുന്നു. സിനിമാ ലൊക്കേഷനില്‍ നിന്നും മടങ്ങുകയായിരുന്ന നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു.

ഈ കേസില്‍ ആകെ 14 പ്രതികളാണ് ഉള്ളത്. നടന്‍ ദിലീപ് കേസില്‍ എട്ടാം പ്രതിയാണ്. നടന്‍ ദിലീപ് പ്രതിയായ സുനിയെ ഏകദേശം മൂന്നിലധികം തവണ ബന്ധപ്പെട്ടിരുന്നു എന്ന സൂചന ആദ്യം തന്നെ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പള്‍സര്‍ സുനി തന്റെ മൊബൈലില്‍ പകര്‍ത്തിയ നടിയുടെ ദൃശ്യങ്ങള്‍ സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തുകയും അന്വേഷണം ദിലീപിലേക്ക് എത്തുകയും ചെയ്തു. പീഡനം പകര്‍ത്തിയ ദൃശ്യങ്ങള്‍ പൊലീസ് വീണ്ടെടുക്കുകയും ചെയ്തു. നടന്‍ ഉള്‍പ്പെടെയുള്ള ആദ്യ 8 പ്രതികളുടെ പേരില്‍ കൂട്ട ബലാത്സംഗ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 8 മുതല്‍ 12 വരെയുള്ള പ്രതികള്‍ക്കുമേല്‍ ഡൂഢാലോചനാക്കുറ്റവും ചുമത്തപ്പെട്ടു. ഇതില്‍ 1 മുതല്‍ 7 വരെയുള്ള പ്രതികള്‍ ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. 375 പേജുള്ള കുറ്റപത്രത്തില്‍ 385 സാക്ഷികള്‍, 12 രഹസ്യമൊഴികള്‍ എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്.

ക്രിമിനല്‍ നടപടിച്ചട്ടം 313 പ്രകാരം പ്രതിഭാഗത്തിന് പറയാനുള്ളതു കൂടി കേട്ട ശേഷം നവംബറില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം. വര്‍ഗീസ് വിധി പറഞ്ഞേക്കും. കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിന്നു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിന്‍റെ വിചാരണ നീണ്ടുപോകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കിയത്.


SCROLL FOR NEXT