NEWSROOM

കൂട്ട ബലാത്സംഗ ശ്രമം നേരിട്ടു, സംവിധായകന്‍ ഹരിഹരന്‍ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോ എന്ന് ചോദിച്ചു; വെളിപ്പെടുത്തലുമായി ചാര്‍മിള

30 വർഷം നീണ്ട കരിയറിൽ പലതവണ അഡജസ്റ്റ്മെന്‍റ് ചോദ്യങ്ങൾ നേരിടേണ്ടിവന്നു

Author : ന്യൂസ് ഡെസ്ക്

സിനിമ മേഖലയില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി നടി ചാര്‍മിള. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് വെളിപ്പെടുത്തല്‍. നിര്‍മാതാവ് എംപി മോഹനനും സുഹൃത്തുക്കളും ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും സംവിധായകന്‍ ഹരിഹരന്‍ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോയെന്ന് ചോദിച്ചെന്നുമാണ് വെളിപ്പെടുത്തല്‍.

അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും എന്ന സിനിമയയുടെ മൂന്നു പ്രൊഡ്യൂസറില്‍ ഒരാള്‍ ആയ എംപി മോഹനന്‍ തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. കൂട്ട ബലാത്സംഗ ശ്രമവും താന്‍ നേരിട്ടു. എംപി മോഹനനും കൂട്ടാളികളും ചേര്‍ന്നാണ് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. പൊള്ളാച്ചിയിലെ ലൊക്കേഷനില്‍ വെച്ച് സിനിമ പാക്കപ്പ് ചെയ്തതിന് ശേഷമാണ് ഈ സംഭവം. മോഹനനെതിരെ അന്ന് തന്നെ പൊള്ളാച്ചി പൊലീസില്‍ പരാതി നല്‍കിയിരുന്നു എന്നും ചാര്‍മിള വെളിപ്പെടുത്തി.

ALSO READ : മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം; മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്


അതോടൊപ്പം ചാര്‍മിള വഴങ്ങുമോ എന്ന് തന്റെ സുഹൃത്തിനോട് ഹരിഹരന്‍ ചോദിച്ചെന്നും ചാര്‍മിള ആരോപിച്ചു. പരിണയം എന്ന സിനിമയ്ക്ക് വേണ്ടി ആദ്യം ചാര്‍മിളയെയായിരുന്നു നായികയായി കണ്ടെത്തിയത്. എന്നാല്‍ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് ചാര്‍മിളയ്ക്ക് ആ വേഷം നഷ്ടമാവുകയായിരുന്നു. താന്‍ ഇനിയൊരു പരാതിയുമായി വരുന്നില്ലെന്നും കുടുംബത്തെ ഓര്‍ത്താണ് ഈ തീരുമാനമെന്നും ചാര്‍മിള അറിയിച്ചു. 30 വർഷം നീണ്ട കരിയറിൽ പലതവണ അഡജസ്റ്റ്മെന്‍റ് ചോദ്യങ്ങൾ നേരിടേണ്ടിവന്നു. കൊറോണ സമയത്ത് സിനിമ ചെയ്യാമെന്ന് സമീപിച്ച് മൂന്ന് ചെറുപ്പക്കാരായ സംവിധായകരിൽ നിന്നും മോശം അനുഭവമുണ്ടായി. അന്ന് തന്നെ അവരോട് നോ പറഞ്ഞുവെന്നും ചാർമിള വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അഭിനന്ദര്‍ഹമാണെന്നും ചാര്‍മിള കൂട്ടിച്ചേര്‍ത്തു.



SCROLL FOR NEXT