NEWSROOM

'മനുഷ്യനല്ല, രാക്ഷസനാണ് അയാള്‍' ; സംവിധായകന്‍ തുളസീദാസിനെതിരെ നടി ഗീതാ വിജയന്‍

2006ല്‍ നടി ശ്രീദേവികയോടും തുളസീദാസ് മോശമായി പെരുമാറിയിരുന്നു.

Author : ന്യൂസ് ഡെസ്ക്


സംവിധായകന്‍ തുളസീദാസ് മോശമായി പെരുമാറിയെന്ന് ആരോപിച്ച് നടി ഗീതാ വിജയന്‍. 1991ല്‍ ചാഞ്ചാട്ടം എന്ന സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു സംഭവം. തന്റെ മുറിയില്‍ നിരന്തരമായി മുട്ടുകയും കോളിംഗ് ബെല്‍ അടിച്ച് ശല്യം ചെയ്യുകയും ചെയ്തിരുന്നു എന്നും ഗീതാ വിജയന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. 2006ല്‍ നടി ശ്രീദേവികയോടും തുളസീദാസ് മോശമായി പെരുമാറിയിരുന്നു.

'1991ല്‍ സംവിധായകന്‍ തുളസീദാസ് മോശമായി പെരുമാറി. എനിക്ക് ഇത് അനുഭവിച്ച സമയത്ത് AMMA രൂപീകരിച്ചിട്ടില്ല. ഞാന്‍ സ്വയമാണ് ഇതിനെ നേരിട്ടത്. ഞാന്‍ ശക്തമായി അയാളെ തെറി വിളിച്ച് ചീത്ത വിളിച്ച് പ്രതികരിക്കുകയായിരുന്നു. അത് സെറ്റില്‍ ഉള്ളവരും ആ ഹോട്ടലില്‍ ഉള്ള എല്ലാവരും അറിഞ്ഞിരുന്നു. അന്ന് എല്ലാവര്‍ക്കും ഒരു ഭയം ഉണ്ടായിരുന്നു. ചാഞ്ചാട്ടം എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് തുളസീദാസ് മോശമായി പെരുമാറിയത്. വാതിലില്‍ തട്ടുകയും കോളിംഗ് ബെല്‍ അടിച്ച് ശല്യപ്പെടുത്തുകയും ചെയ്തു. മൂന്ന് ദിവസം തുടര്‍ച്ചയായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. മൂന്നാമത്തെ ദിവസം കോളിംഗ് ബെല്‍ അടിച്ചപ്പോള്‍ ഞാന്‍ വാതില്‍ തുറന്ന് അയാള്‍ക്കിട്ട് കൊടുത്തു. ഞാന്‍ തമിഴിലും ഇംഗ്ലീഷിലും അയാളെ ചീത്ത വിളിച്ചു. അയാള്‍ ഭയന്ന് അയാളുടെ റൂമില്‍ പോയി ഒളിച്ചിരുന്നു. ഞാന്‍ അയാളുടെ മുറിയുടെ വാതിലില്‍ ചവിട്ടുകയും ചെയ്തു. 1991ല്‍ എന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. 2006ല്‍ ശ്രീദേവികയോട് മോശമായി പെരുമാറി. അയാള്‍ക്കൊക്കെ എന്ത് മാറ്റമാണ് വന്നത്. മനുഷ്യനല്ല രാക്ഷസനാണ് അയാള്‍', ഗീതാ വിജയന്‍ പറഞ്ഞു.

അതേസമയം നടന്‍ ബാബുരാജ്, സംവിധായകന്‍ ശ്രീകുമാര്‍ മേനോനും എതിരെ ലൈംഗികാരോപണവുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് രംഗത്തെത്തി. അതോടൊപ്പം മലയാള സിനിമയിലെ പ്രമുഖ നടന്‍മാര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ ലൈംഗികാരോപണവുമായി നടി മിനു മൂനീര്‍ രംഗത്തെത്തി. നടന്മാരായ മുകേഷ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ്, അഡ്വ. ചന്ദ്രശേഖരന്‍ വി.എസ്, വിച്ചു എന്നിവര്‍ക്കെതിരെയാണ് ആരോപണം.


SCROLL FOR NEXT